തൃശൂര്‍ കോര്‍പറേഷന്‍ കെട്ടിടത്തില്‍ നിന്ന് കൂറ്റന്‍ ഇരുമ്പുമേല്‍ക്കൂര നടുറോഡിലേക്ക് പറന്നു വീണതിനു പിന്നാലെ വ്യാപക പ്രതിഷേധം. ഒരു മാസം മുമ്പ് വീശിയ കാറ്റില്‍ അടിത്തറ ഇളകിയ ഷീറ്റ് മാറ്റാത്തതാണ് പ്രതിഷേധത്തിനു കാരണം. പ്രതിഷേധം ഭയന്ന് മേയര്‍ എം.കെ.വര്‍ഗീസ് കോര്‍പറേഷന്‍ ഓഫിസില്‍ രാവിലെ വന്നില്ല.
മേയര്‍ എം.കെ.വര്‍ഗീസിന്‍റെ ചേംബര്‍ ഉപരോധിക്കാനായിരുന്നു കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നീക്കം. പ്രതിഷേധം മുന്‍കൂട്ടിയറിഞ്ഞതോടെ മേയര്‍ ഓഫിസിലേക്ക് വന്നില്ല. ജീവനക്കാരും മാറിനിന്നു. ഇതിനിടെയാണ്, കോര്‍പറേഷന്‍ സെക്രട്ടറി കൗണ്‍സില്‍ ഹാളില്‍ യോഗം ചേരുന്നത് യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ അറിയുന്നത്. മേയറെ കിട്ടാത്തതു കൊണ്ട് സെക്രട്ടറിയെ ഉപരോധിച്ച് ജനരോഷമറിയിച്ചു.
ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കാമെന്ന സെക്രട്ടറിയുടെ ഉറപ്പില്‍ യു.ഡി.എഫ്. കൗണ്‍സിലര്‍മാരുടെ പ്രതിഷേധം അവസാനിച്ചു. ഇതിനു പിന്നാലെ, ബി.ജെ.പി. തൃശൂര്‍ സിറ്റി ജില്ലാ പ്രസിഡന്‍റ് ജസ്റ്റിന്‍ ജേക്കബിന്‍റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ ഡപ്യൂട്ടി മേയറുടെ ഓഫിസ് ഉപരോധിച്ചു. ഷീറ്റിന്‍റെ അടിത്തറ നേരത്തെ ഇളകിയതായി പരാതി കിട്ടിയിട്ടില്ലെന്ന് മേയര്‍ എം.കെ.വര്‍ഗീസ് സ്വവസതിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
നാലു ടണ്‍ ഭാരമുള്ള കൂറ്റന്‍ ഇരുമ്പു മേല്‍ക്കൂരയാണ് ഫ്രെയിം സഹിതം നടുറോഡില്‍ പതിച്ചത്. ഇതു വീഴുന്ന സമയത്ത് റോഡില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല. കോര്‍പറേഷന്‍റെ വ്യാപാര സമുച്ചയത്തിനു മുകളില്‍ നിന്നാണ് ഷീറ്റ് പറന്നു വീണത്.