ബസലിക്ക പദവിയുടെ പ്രഭയിലാണ് ചങ്ങനാശേരി പാറേൽ മരിയൻ തീർത്ഥാടന കേന്ദ്രം. നവംബർ 21ന് പുതിയ പള്ളിയുടെ കൂദാശ നടക്കാനിരിക്കെയാണ് ദേവാലയത്തെ ബസലിക്കയായി ഉയർത്തിയത്. ബസലിക്ക പദവി നേടുന്ന കോട്ടയം ജില്ലയിലെ ആദ്യ പള്ളി കൂടിയാണിത്. 

ചങ്ങനാശേരി അതിരൂപതയിലെ പാറേൽ മരിയൻ തീർഥാടന കേന്ദ്രത്തിലെ വിശ്വാസികൾക്ക് ഇരട്ടി സന്തോഷമാണ്. പുതിയ പള്ളിയുടെ കൂദാശ നവംബർ 21 ന് നടക്കാനിരിക്കെയാണ് ദേവാലയത്തെ ബസലിക്കയായി ഉയർത്തിയുള്ള അറിയിപ്പ് റോമിൽ നിന്ന് എത്തുന്നത്. മർത്ത് മറിയം ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഷ്രൈൻ ബസിലിക്ക എന്ന പേരിലാകും ഇനി ദേവാലയം അറിയപ്പെടുക. പുതിയ പള്ളിയുടെ കൂദാശ ദിനത്തിൽ ബസലിക്ക പദവിയും പുതിയ നാമവും ഔദ്യോഗികമായി പ്രഖ്യാപിക്കും. 

പരിശുദ്ധ മാതാവിന്റെ അമലോൽഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചതിന്റെ സുവർണ ജൂബിലി ആഘോഷ വേളയിൽ 1904 ലാണ് പാറേൽ സെന്റ് മേരീസ് പള്ളി പണി കഴിപ്പിക്കുന്നത്. 2015 ലാണ് പള്ളി പുതുക്കി പണിയാൻ തുടങ്ങിയത്. ചമ്പക്കുളം സെന്റ് മേരീസ് ഫൊറോന പള്ളിക്ക് ശേഷം ചങ്ങനാശേരി അതിരൂപതയിൽ ബസലിക്ക പദവി നേടുന്ന രണ്ടാമത്തെ ദേവാലയമാണിത്. ബസലിക്ക ആകുന്നതോടെ മാർപാപ്പയുടെ പള്ളിയായി ഇത് മാറും.

ENGLISH SUMMARY:

Parel Marian Pilgrim Centre Basilica in Changanassery has been elevated to basilica status, marking a historic moment for the Kottayam district. The official proclamation and the consecration of the new church will take place on November 21.