വീട്ടില്‍ നിലത്ത് വീണുകിടക്കുന്ന ബെൽറ്റാണെന്ന് കരുതി എടുത്തുമാറ്റാൻ ചെന്നത് കൂറ്റന്‍ രാജവെമ്പാലയെ. കോട്ടയം എരുമേലി ഏയ്ഞ്ചല്‍വാലിയിലെ പൊങ്ങന്താനം ബാബുവിന്റെ വീട്ടിലാണ് സംഭവം. ഇന്നലെ രാവിലെയാണ് രാജവെമ്പാല വീട്ടില്‍ കയറിയത്. മുറിക്കുള്ളിൽ പാമ്പിനെ കണ്ടതോടെ വീട്ടുകാർ ഭയന്നോടി. തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി
തറയിൽ കിടന്ന കറുത്ത വസ്തു ബെൽറ്റാണെന്ന് തെറ്റിദ്ധരിച്ച ബാബു അത് കൈയിലെടുക്കാൻ തുടങ്ങിയപ്പോഴാണ് രാജവെമ്പാലയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് വീട്ടുകാർ ബഹളം വെച്ചതോടെ പാമ്പ് സമീപത്തെ ശുചിമുറിയിലേക്ക് കയറുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരും പാമ്പ് പിടുത്തക്കാരും ചേർന്ന് സാഹസികമായി രാജവെമ്പാലയെ വലയിലാക്കി.
രാജവെമ്പാലയെ പിന്നീട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉൾവനത്തിലേക്ക് തുറന്നുവിടും. ജനവാസമേഖലയോട് ചേർന്ന ഭാഗങ്ങളിൽ പാമ്പ് ശല്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രദേശത്ത് കൂടുതല്‍ നിരീക്ഷം നടത്തുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രാവിലെ മുൻകതക് തുറന്നിട്ട സമയത്താകാം പാമ്പ് കയറിയതെന്നാണ് ഫോറസ്റ്റ് ഉദ്യേഗസ്ഥരുടെ വിലയിരുത്തല്‍. വനം വകുപ്പ് ഉദ്യോഗസ്ഥരായ വി.വി. അനിൽകുമാർ, ദീപു, പി. പ്രസന്നൻ, എ.എസ്. സുധീഷ്, എൻ.കെ. സുഭാഷ്, തുടങ്ങിയവർ ചേർന്നാണ് രാജവെമ്പാലയെ പിടികൂടിയത്.