കോട്ടയം മേലുകാവ് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പ്ലൈവുഡ് ഫാക്ടറികൾ തുടങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രദേശത്തെ തോട് നികത്തിയെന്നും സ്ഥാപനത്തിന് ലൈസൻസ് നൽകരുതെന്നും പഞ്ചായത്തിന്റെ ഗ്രാമസഭയിലൂടെ നാട്ടുകാർ ആവശ്യപ്പെട്ടു.

മേലുകാവ് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് പയസ് മൗണ്ടിലാണ് രണ്ട് സ്വകാര്യ പ്ലൈവുഡ് ഫാക്ടറികൾ പ്രവർത്തനം തുടങ്ങുന്നത്. ഇതിനെതിരെ നാട്ടുകാർ രംഗത്തെത്തിയതോടെ പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ടോമിയുടെ അധ്യക്ഷതയിൽ കോണിപ്പാട് സ്കൂളിൽ പ്രത്യേക ഗ്രാമസഭ ചേർന്നു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പ്ലൈവുഡ് ഫാക്ടറി അനുവദിക്കരുതെന്ന് 165 പേർ പങ്കെടുത്ത ഗ്രാമസഭ പഞ്ചായത്തിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പരിസ്ഥിതിക്കും ജനങ്ങളുടെ ആരോഗ്യത്തിനും കൃഷിക്കും ഇത് ദോഷകരമായി ബാധിക്കുമെന്ന് പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും പറഞ്ഞു.

പഞ്ചായത്തിൽ നിന്ന് അനുമതി വാങ്ങി കെട്ടിടനിർമാണം ഉൾപ്പെടെ തുടങ്ങിയ സ്ഥാപനം മീനച്ചിലാറിന്റെ കൈവഴിയായ വെട്ടിക്കൊമ്പൻ തോടിന്റെ നൂറു മീറ്റർ ഭാഗം നികത്തി പൈപ്പിലൂടെ വെള്ളം ഒഴുക്കിവിട്ടെന്നും പരാതിയുണ്ട്. തോട് പൂർവസ്ഥിതിയിലാക്കാൻ കഴിഞ്ഞ മേയ് 26-ന് പഞ്ചായത്ത് നോട്ടീസ് നൽകിയതാണ്.

പ്ലൈവുഡ് ഫാക്ടറിക്കെതിരെ സ്വകാര്യവ്യക്തി ഈരാറ്റുപേട്ട കോടതിയെ സമീപിച്ചിരുന്നു. കോടതി നടപടികൾ തീരുംവരെ സ്ഥാപനത്തിന്റെ നിർമാണപ്രവൃത്തി അനുവദിക്കരുതെന്നും നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും ആവശ്യപ്പെടുന്നു.

ENGLISH SUMMARY:

Plywood factory protest is intensifying in the eleventh ward of Melukavu Grama Panchayat in Kottayam. Local residents have demanded that the grama sabha not grant a license for the establishment, citing land reclamation of a stream.