പത്തനംതിട്ട അടൂര്‍ ഏഴംകുളം – കടമ്പനാട് മിനി ഹൈവേ മരണക്കെണിയെന്ന് നാട്ടുകാര്‍. റോഡ് നവീകരിച്ചെങ്കിലും അപകടങ്ങൾ കുറയ്ക്കാനുള്ള സുരക്ഷാ സംവിധാനങ്ങള്‍ നടപ്പിലാക്കിയിട്ടില്ല എന്ന പരാതിയിലാണ് നാട്ടുകാർ. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയില്‍ ടിപ്പര്‍ ലോറി ഇടിച്ച് അഞ്ചുവയസുകാരന്‍ മരിച്ചിരുന്നു.

പ്രധാന ഉപ റോഡ് എന്ന നിലയിൽ കടമ്പനാട് മുതൽ ഏഴംകുളം വരെ 11കിലോമീറ്റർ വരുന്ന റോഡ് 2004ൽ നവീകരിച്ച് മിനി ഹൈവേ ആയി ഉയർത്തുകയായിരുന്നു.വളവുകള്‍ നിവര്‍ത്താതെ ആയിരുന്നു റോഡ് വികസനം അമിതവേഗവുംവളവുകളുമാണ് ഈ പാതയിലെ പ്രധാന അപകടകാരണം. 

റോഡരികിൽ നടന്നുപോകാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്. കാൽനട യാത്രയ്ക്ക് ഇടമില്ലാത്ത വിധം കാടു വളർന്നിട്ട് നീക്കംചെയ്യാനും നടപടിയില്ല.സ്പീഡ് ബ്രേക്കറുകളോ അപകട മുന്നറിയിപ്പ് ബോർഡുകളോ ഇല്ല. റോഡിനോട് ചേർന്നുനിൽക്കുന്ന വൈദ്യുത തൂണുകളും ഓടകളിലെ കുഴികളും കാൽനടയാത്രക്കാർക്ക് ഭീഷണിയാണ്.ഏഴംകുളത്തിനും കടമ്പനാടിനും ഇടയിൽ അപകട മേഖലയായ പത്തിലധികം വളവുകളുണ്ട് .

വയല–നടക്കാവ് റോഡ് തുടങ്ങുന്ന ഭാഗത്താണ് വയലായിലെ രണ്ട് സ്കൂളുകൾ.ഉപ റോഡു ചേരുന്ന ഭാഗത്ത് മിനി ഹൈവേയിൽ ഇറക്കമാണ്.അപകട സാധ്യതയേറിയ ഇവിടെ വേഗ നിയന്ത്രണത്തിന് സംവിധാനമില്ല.ഏനാത്ത് യുപി സ്കൂളിനു മുന്നിലെ വളവ് അതീവ അപകടമേഖലയാണ്.സ്വകാര്യ ബസുകളുടെമത്സര ഓട്ടവും പതിവാണ്.

കായംകുളം–പുനലൂർ റോഡ്, എംസി റോഡ്, അടൂർ ശാസ്താംകോട്ട റോഡ് എന്നിവയുമായി ബന്ധിപ്പിച്ച് കടന്നു പോകുന്ന റോഡാണിത്.കിഴക്കന്‍ മേഖലയിൽ നിന്ന് ക്വാറി ഉൽപന്നങ്ങളുമായി കൊല്ലം ജില്ലയിലേക്ക് നൂറുകണക്കിന് ടിപ്പര്‍ ലോറികളാണ് പോകുന്നത്.പൊലീസ്,മോട്ടർ വാഹന വകുപ്പ് പരിശോധനകള്‍ ഇല്ലാത്തതാണ് ടിപ്പര്‍ ലോറികള്‍ക്ക് ഈ റോഡ് പ്രിയപ്പെട്ടതാകാന്‍ കാരണം.ടിപ്പര്‍ ലോറികളുടെ അമിതവേഗമാണ് പ്രധാന അപകടകാരണങ്ങളിലൊന്ന്.

ENGLISH SUMMARY:

Adoor Ezhamkulam road safety concerns are highlighted by locals who deem the Kadambanad mini-highway a death trap. Despite road upgrades, a lack of safety measures has led to frequent accidents, including a recent fatality of a five-year-old boy.