KSRTC ഡിപ്പോയുടെ നിർമ്മാണം വൈകുന്നതിനാൽ ചങ്ങനാശേരിയിൽ യാത്രക്കാർ വലയുന്നു. പ്രധാന റോഡിൽ ബസുകൾ നിർത്തിയിടുന്നത് നഗരത്തിൽ ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. 2026 ഏപ്രിൽ മാസത്തിൽ പണി പൂർത്തിയാക്കാനായിരുന്നു നിർമ്മാണ കമ്പനിയായ ഊരാളുങ്കലിന് നൽകിയിരുന്ന കരാർ.
നിർമ്മാണ പ്രവർത്തനങ്ങളാക്കായി 2025 ഏപ്രിൽ ആദ്യമാണ് ചങ്ങനാശേരി കെഎസ്ആർടിസി ഡിപ്പോ അടച്ചത്. ഇതോടെ ബസുകൾ സ്റ്റാൻഡിന് ഉള്ളിലേക്ക് കയറില്ല. എം സി റോഡിനു ഇരു വശത്തായി കോട്ടയം ഭാഗത്തേക്കും, തിരുവല്ല ഭാഗത്തേക്കുമുള്ള ബസുകൾ നിർത്തുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പക്ഷെ ഒന്നര വർഷത്തോളമായി ബസ് സ്റ്റാൻഡ് ഇല്ലാത്തതിനാൽ ചങ്ങനാശേരിയിൽ ഇറങ്ങി അടുത്ത ബസ് കയറേണ്ട യാത്രക്കാർ ബുദ്ധിമുട്ടിലാണ്. നിലവിലെ താൽക്കാലിക കാത്തിരുപ്പ് കേന്ദ്രത്തിൽ മുഴുവൻ യാത്രക്കാരെയും ഉൾകൊള്ളാനും ആകുന്നില്ല.
കെഎസ്ആർടിസി ബസുകൾ റോഡിന് നടുവിൽ നിർത്തി ആളുകളെ കയറ്റി ഇറക്കുന്നതിനാൽ ചങ്ങനാശേരി ടൗണിൽ ഗതാഗത കുരുക്കും രൂക്ഷമാണ്. ബസ് സ്റ്റാൻഡ് ഭാഗത്തെ ഓട്ടോ റിക്ഷ തൊഴിലാളികളും ദുരിതത്തിലാണ്. ചങ്ങനാശ്ശേരി MLA വിനു ജോബ് നിയമസഭയിൽ സബ് മിഷൻ ആയി വിഷയം ഉന്നയിച്ചപ്പോൾ വകുപ്പ് മന്ത്രിയുടെ മറുപടി ഇങ്ങനെ ആയിരുന്നു. 6.23 കോടി രൂപക്കാണ് ഊരാളുങ്കൽ കരാർ ഏറ്റെടുത്തത്. സ്റ്റാൻഡിൻറെ രണ്ട് നിലകളും പൂർത്തിയായി. മേൽക്കൂരക്കും സ്റ്റാൻഡിൻറെ അലങ്കാരങ്ങൾക്കുമായുള്ള സ്റ്റീലിന്റെ പണികളാണ് പൂർത്തിയാകാനുള്ളത്.