പ്രിയദര്‍ശിനി ബസില്‍ യാത്രക്കാരായ സ്ത്രീകളും ജീവനക്കാരും തമ്മില്‍ സ്റ്റോപ്പിനെ ചൊല്ലി തര്‍ക്കം. കോഴിക്കോട് നിന്ന് ബത്തേരിയിലേക്ക് പോകുന്ന ബസിലായിരുന്നു സംഭവം. ജീവനക്കാരുമായി വാക്കേറ്റവും തര്‍ക്കവും ഉണ്ടായതോടെ സ്ത്രീകള്‍ അറ്റകൈ പ്രയോഗം നടത്തി. ബസിന്‍റെ ബെല്‍ അങ്ങ് പൊട്ടിച്ചു. ഇതോടെ സംഭവം വിഷയമായി. ബസ് പൊലീസ് സ്റ്റേഷനിലും എത്തി.
കോഴിക്കോട് കെഎസ്‌ആര്‍ടിസി ടെര്‍മിനലില്‍ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ പുറപ്പെട്ട ബസിലാണ് സംഭവം. വയനാട് സ്വദേശികളായ മൂന്നുസ്ത്രീകളാണ് പ്രശ്നമുണ്ടാക്കിയത്. മലാപ്പറമ്പ് വഴി പോവുന്ന ബസാണെന്ന് കരുതിയാണ് ബത്തേരി ബസില്‍ കയറിയത്. എന്നാല്‍ ബസ് മെഡിക്കല്‍ കോളജ് വഴി പോവുന്ന ബസാണെന്ന് ഇവര്‍ പിന്നീടാണ് തിരിച്ചറിഞ്ഞത്. ഇതോടെ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍ ടൗണ്‍ ടു ടൗണ്‍ ബസായതിനാല്‍ എല്ലാ സ്റ്റോപ്പുകളിലും നിര്‍ത്താന്‍ പറ്റില്ലെന്ന് വനിതാ കണ്ടക്ടര്‍ പറഞ്ഞതോടെ സ്ത്രീകള്‍ ബഹളം വെച്ചു. ബസിലാണെങ്കില്‍ സ്ത്രീ യാത്രകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ ബസ് കോവൂര്‍ എത്തിയതോടെ സ്ത്രീകള്‍ ബെല്ല് വലിച്ചു പൊട്ടിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലേക്ക് ബസ് കയറ്റുകയായിരുന്നു. ബസ് ജീവനക്കാരുടെ പരാതിയില്‍ സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.