കോട്ടയം വൈക്കം മേഖലയിലെ കുടിവെളളക്ഷാമം പരിഹരിക്കാനുളള പദ്ധതി മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് ആവശ്യം. വെളളൂരില്‍ നിന്ന് വൈക്കത്തേക്ക് മാറ്റണമെന്നാണ് നഗരസഭയുടെ ആവശ്യം. വൈക്കം നഗരസഭയിലെ അയ്യര്‍കുളങ്ങരയിൽ പദ്ധതിക്ക് സ്ഥലം ഉണ്ടെന്നാണ് നഗരസഭയുടെ വാദം.
വൈക്കം നഗരസഭയിലേക്കും സമീപ പഞ്ചായത്തുകളിലേക്കും നടപ്പാക്കുന്ന കുടിവെളള പദ്ധതിയുടെ ടാങ്കും പ്ലാന്‍റും നഗരസഭയിലെ അയ്യര്‍കുളങ്ങരയിൽ ജലവിഭവ വകുപ്പിന്‍റെ സ്ഥലത്ത് നിര്‍മിക്കണമെന്നാണ് വൈക്കം നഗരസഭ ആവശ്യപ്പെടുന്നത്. ടാങ്ക് വൈക്കത്തും പ്ലാന്‍റ് വെള്ളൂരും സ്ഥാപിക്കാനാണ് നീക്കം. എല്ലാം വൈക്കത്തേക്ക് മാറ്റിയാല്‍ സമീപ പഞ്ചായത്തുകളില്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും പ്രയോജനപ്പെടുമെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു.
വൈക്കം നഗരത്തിലുള്ള പഴയ കുടിവെള്ള പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ നഗരസഭ സ്ഥാപിക്കും. പുതിയ പ്ലാന്‍റിന് ചെലവാകുന്ന തുകയിൽ ഒരു വിഹിതം വഹിക്കാന്‍ നഗരസഭ തയ്യാറാണെന്നും ചെയര്‍മാന്‍ പറഞ്ഞു. വിഷയത്തില്‍ എംഎൽഎ ഉൾപ്പടെയുള്ളവരുടെ ഇടപെടൽ തേടുകയാണ് നഗരസഭ.