പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോഴും കോട്ടയം വൈക്കം മറവന്തുരുത്ത് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ മരുന്നു വാങ്ങാൻ കാശില്ല. ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്ക് ആറ് മാസത്തെ ശമ്പളവും മുടങ്ങി.
ജീവിതശൈലിരോഗങ്ങൾക്കടക്കമുള്ള മരുന്നുകളും ആൻറിബയോട്ടിക്ക് മരുന്നുകളുമാണ് മറവന്തുരുത്ത് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ മാസങ്ങളായി കിട്ടാതായത്. പഞ്ചായത്ത് ഫണ്ട് നൽകുന്നതിൽ ഉണ്ടായ തടസ്സമാണ് പ്രതിസന്ധിക്ക് കാരണമായത്. ഇവിടെയെത്തുന്ന സാധാരണക്കാരായ രോഗികൾക്ക് പുറത്തുനിന്ന് മരുന്നു വാങ്ങേണ്ട സ്ഥിതിയുമായി.
പ്രതിസന്ധി രൂക്ഷമാകുമ്പോൾ വൈക്കം താലൂക്ക് ആശുപത്രിയിൽ നിന്നും ഇടയാഴം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും എച്ച്എംസി ഫണ്ടിൽ നിന്നുമാണ് മരുന്ന് ക്രമീകരിച്ചിരുന്നത്. മാത്രവുമല്ല താൽക്കാലിക ജോലിചെയ്യുന്ന ഒരു ഡോക്ടർക്കും ഫാർമസിസ്റ്റിനും പാലിയറ്റീവ് നഴ്സിനും ഡ്രൈവർക്കും ആറുമാസമായി ശമ്പളവും കിട്ടിയിട്ടില്ല. സാങ്കേതികവും ഫണ്ട് സംബന്ധവുമായ ചില തടസ്സങ്ങളാണ് പ്രതിസന്ധിക്ക് കാരണമായത്.
തദ്ദേശ സ്വയംഭരണവകുപ്പിൽനിന്ന് പ്ലാൻഫണ്ടുകൾ യഥാസമയം ലഭ്യമാകാത്തതാണ് ജീവനക്കാരുടെ ശമ്പളം മുടങ്ങാൻ കാരണമായതെന്നും പഞ്ചായത്ത് പറയുന്നു. അടുത്തദിവസം തന്നെ ഫണ്ട് കൈമാറാനും ജീവനക്കാരുടെ ശമ്പളം ഒരു മാസത്തെ എങ്കിലും നൽകാനും തീരുമാനിച്ചെന്നാണ് പഞ്ചായത്തിൻ്റെ വിശദീകരണം
വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങൾ ഉള്ളതിനാൽ പകർച്ചവ്യാധികളും വ്യാപകമാണ്. ജനപ്രതിനിധികളുടെ ഇടപെടൽ ഉടൻ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.