നിക്ഷേപത്തുക നൽകാത്തതിൽ പ്രതിഷേധിച്ച് ബാങ്കിനുളളിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് നിക്ഷേപകയും കുടുംബവും. കോട്ടയം കടുത്തുരുത്തി മാന്നാർ കാർഷിക സർവീസ് സഹകരണ ബാങ്കിലായിരുന്നു നാലുവർഷമായി പണം ലഭിക്കാത്ത കുടുംബത്തിന്റെ പ്രതിഷേധം.

മുൻ ഇടത് ഭരണസമിതിയുടെ കാലത്ത് പ്രതിസന്ധിയിലായ കടുത്തുരുത്തി മാന്നാർ കാർഷിക സർവ്വീസ് സഹകരണ ബാങ്ക് നാല് വർഷമായി നിക്ഷേപത്തുക തിരിച്ചു നൽകിയില്ലെന്നാണ് കുടുംബത്തിൻ്റെ പരാതി. മാന്നാർ മണലേൽ അനില ബാബുവും ഭർത്താവ് ബാബു തോമസുമാണ് നാല് മക്കളുമായി ബാങ്കിലെത്തി പെട്രോൾ ഒഴിച്ച് അത്മഹത്യയ്ക്ക് ശ്രമിച്ചത്. ബാങ്കിൽ കുത്തിയിരുന്ന കുടുംബത്തെ പൊലീസും നിലവിലെ ബോർഡ് അംഗവും എത്തി ചർച്ച നടത്തി പിന്തിരിപ്പാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മണിക്കൂറുകൾക്കുശേഷം അഗ്നിരക്ഷാസേന എത്തിയാണ് അപകടം ഒഴിവാക്കിയത്. 

മുൻ ഭരണസമിതിയുടെ കാലത്താണ് ബാങ്കിലെ ഒരു ജീവനക്കാരി മുഖേന അനില ബാബു ബാങ്കിൽ നാല് ലക്ഷം രൂപ നിക്ഷേപിച്ചത്.എന്നാൽ 2022 ൽ ബാങ്ക് പ്രതിസന്ധിയിലായി.പിന്നീട് പലതവണയായി ഇവർക്ക് ഒരു ലക്ഷം രൂപയോളം മടക്കി നൽകി.

ബാക്കി മൂന്നു ലക്ഷം രൂപയ്ക്ക് നാളുകളായി കയറിയിറങ്ങുകയാണ്. പൊലീസിൽ പരാതി നൽകിയിട്ടും കിട്ടിയില്ല. വീടിൻ്റെ ആധാരം പണയത്തിൽ ആണെന്നും കുട്ടികളെ പഠിപ്പിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നുംഅനിലയും ബാബുവും പറഞ്ഞു.ബാങ്ക് പ്രതിസന്ധിയിൽ ആണെന്നും സഹകരണവകുപ്പിന്റെ പരിശോധന നടക്കുകയാണെന്നുമാണ് ബാങ്ക് ജീവനക്കാരുടെ വിശദീകരണം.

നിരവധി പേർക്ക് പണം ലഭിക്കാനുണ്ടെന്നും കഴിഞ്ഞ ഇടത് ഭരണസമിതിയുടെ കാലത്ത് നടന്ന ക്രമക്കേടുകൾ മൂലമാണ് ബാങ്ക് പ്രതിസന്ധിയിൽ ആയതെന്ന് നാട്ടുകാർ പറയുന്നു. 

ENGLISH SUMMARY:

Kottayam bank protest involved a depositor and her family attempting suicide by setting themselves on fire after the Karthika Service Cooperative Bank failed to return their investment for four years. The family's desperate act highlights the severe financial distress caused by the bank's alleged mismanagement and inability to refund deposits