കോട്ടയം വൈക്കം മണ്ഡലത്തിലെ തോൽവിയിൽ സി.പി.ഐയിൽ ഭിന്നത രൂക്ഷമാകുന്നു. മുൻ എം.എൽ.എ ഉൾപ്പെടെ ഒരുവിഭാഗം ബി.ജെ.പിയിലേക്ക് പോയതിനൊപ്പം വോട്ടുമറിച്ചെന്നാണ് വിലയിരുത്തൽ. സിപിഐ നേതൃത്വത്തോടുള്ള താഴെത്തട്ടിലെ പ്രവർത്തകരുടെ എതിർപ്പും സിപിഐ മുൻ എംഎൽഎ കെ അജിത്ത് ബിജെപിയിൽ ചേർന്നു മൽസരിച്ചതുമാണ് വൈക്കത്ത് സിപിഐയുടെ പതനത്തിന് കാരണമായത്.സിപിഐ വോട്ടുകളെ ഭിന്നിപ്പിച്ച് ബിജെപി ഇരുപതിനായിരം വോട്ട് പിടിച്ചത് യുഡിഎഫിന് ഗുണമായി. ഇടതു പഞ്ചായത്തുകൾ ഉൾപ്പെടെ കൈവിട്ട് കൈപ്പത്തിക്ക് കുത്തി. ചെമ്പ്, മറവന്തുരുത്ത് പഞ്ചായത്തുകളിൽ നല്ല ഭൂരിപക്ഷം നേടാനായില്ല. പികെ ശ്രീനിവാസന്‍റെ നാടായ തലയാഴത്തും കല്ലറ പഞ്ചായത്തിലും യുഡിഎഫ് ലീഡ് നേടിയതും സിപിഐയെ ഞെട്ടിച്ചു.
ചെത്ത് തൊഴിലാളികൾക്കിടയിലും ബാറുകളെ സഹായിച്ച ഇടത് സർക്കാരിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.പാർട്ടി വോട്ടുകൾ കൂട്ടത്തോടെ ബിജെപിയിലേക്കും യുഡിഎഫിലേക്കും പോയി. ഇതിനെ ചൊല്ലി നേതാക്കൾ തമ്മിലുള്ള ഭിന്നതയും രൂക്ഷമാണ്.