കോട്ടയം വൈക്കം കായലോര ബീച്ചും സമീപ കായൽപ്രദേശങ്ങളും സൗന്ദര്യവൽക്കരിക്കാൻ നഗരസഭയുടെ പദ്ധതി. കെടിഡിസിക്ക് സമീപമുള്ള കായലിൻ്റെ ആഴം കൂട്ടാൻ പത്തു ലക്ഷം രൂപ നഗരസഭ അനുവദിച്ചു.
വൈക്കത്ത് വേമ്പനാട്ട് കായലോരത്തെ ബീച്ചിന്റെ നവീകരണത്തിൻ്റെ ഭാഗമായി കായലിലെ ചെളിയും മാലിന്യവും നീക്കം ചെയ്യും. പെഡൽ ബോട്ടുകളും ബീച്ചിൽ പാർക്കിങ് സൗകര്യവും ഒരുക്കും. സ്പോൺസർമാർ മുഖേന ബീച്ചിൽ സൗന്ദര്യവൽക്കരണം നടത്തി 65 എൽഇഡി ലൈറ്റുകൾ സ്ഥാപിക്കും. ബീച്ചിൽ ഓപ്പൺ ജിം സ്ഥാപിക്കാനും തീരുമാനിച്ചതായി നഗരസഭ ചെയർമാൻ അറിയിച്ചു.
ഒൻപതു കോടി രൂപയുടെ പദ്ധതിയാണ് ആശുപത്രിക്ക് സമീപം കായൽ പ്രദേശത്ത് നടപ്പാക്കുക. പാർക്കിലൂടെ പദ്ധതി പ്രദേശത്തേക്ക് വഴിക്കായി സ്ഥലം നൽകുന്നതിന് അടുത്ത കൗൺസിൽ യോഗത്തിൽ തീരുമാനമെടുക്കും. പുതിയ സിവിൽ സ്റ്റേഷൻ സ്ഥാപിക്കാൻ കിഴക്കേനടയിൽ ഫയർസ്റ്റേഷന് സമീപം 50 സെൻ്റ് സ്ഥലം നഗരസഭ വിട്ടു നൽകുന്നതിന് നടപടിക്രമങ്ങൾ തുടങ്ങി.