മൂവാറ്റുപുഴയാറിലെ മാലിന്യം നീക്കി പുഴയെ സംരക്ഷിക്കാൻ കോട്ടയം ഉദയനാപുരം ഗ്രാമപഞ്ചായത്തിന്‍റെ പദ്ധതി. പുഴ സംരക്ഷണ സേന രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ. ആദ്യഘട്ട പുഴശുചീകരണം വടയാർ മുട്ടുങ്കലിൽ തുടങ്ങി.
പതിനെട്ട് വാർഡുകളുള്ള ഉദയനാപുരം പഞ്ചായത്തിൽ മൂവാറ്റുപുഴയാറിൻ്റെ ഭാഗമായ 15 വാർഡുകളിലാണ് പുഴ സംരക്ഷണ സേനയുടെ പ്രവർത്തനം. ആദ്യഘട്ടമായി എട്ടാം വാർഡിലെ മുട്ടുങ്കൽ മുതൽ മുണ്ടാർ വരെ നാല് കിലോമീറ്ററിൽ മാലിന്യം നീക്കം ചെയ്ത് തുടങ്ങി. പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ആദ്യഘട്ടത്തിൽ നീക്കം ചെയ്തത്. നാട്ടുകാരെ ഉൾപ്പെടുത്തിയുള്ള അൻപത് പേരടങ്ങുന്ന സേന വള്ളത്തിലും ബോട്ടിലുമായി സഞ്ചരിച്ചാണ് മാലിന്യം ശേഖരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം ചാക്കുകളിലാക്കി പഞ്ചായത്തിലെ ഹരിത കർമസേനയ്ക്ക് കൈമാറുന്നതാണ് രീതി. പുഴ ശുചീകരണ പ്രവർത്തനത്തിനൊപ്പം പുഴയോരത്ത് കണ്ടൽകാടുകൾ വച്ചുപിടിപ്പിക്കാനുള്ള പദ്ധതിയും തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
സൗജന്യമായാണ് പുഴ സംരക്ഷണ സേനയുടെ സേവനം. മാലിന്യംനീക്കുന്ന തുടർപ്രവർത്തനവും മാലിന്യം തള്ളൽതടയാനുള്ള ശ്രമങ്ങളും ഉണ്ടാകും.