നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇക്കുറി കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായെത്തുന്നത് ചാനൽ ചർച്ചകളിൽ സജീവമായ കെ. അനില്‍കുമാർ. യുഡിഎഫ് സ്ഥാനാർഥി പട്ടിക തയ്യാറായിട്ടില്ലെങ്കിലും, കോട്ടയത്ത് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെയായിരിക്കും സ്ഥാനാർഥി. 

ജില്ലാ സെക്രട്ടറി ടി. ആര്‍ രഘുനാഥും റെജി സക്കറിയയും സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നുവെങ്കിലും അവസാനം അനിൽ കുമാറിനെ തന്നെ രം​ഗത്തിറക്കുകയായിരുന്നു സിപിഎം. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ അനില്‍കുമാർ തിരുവഞ്ചൂരിനെ മലർത്തിയടിക്കുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. 

മണ്ഡലത്തിലെ സാമൂഹിക, പാരിസ്ഥിതിക വിഷയങ്ങളില്‍ കാര്യമായി ഇടപെടുന്ന രാഷ്ട്രീയപശ്ചാത്തലമാണ് അനില്‍കുമാറിന്റെ പേര് ഉയർന്ന് വരാൻ കാരണം. 2021ല്‍ 18000 വോട്ടുകള്‍ക്കാണ് തിരുവഞ്ചൂര്‍ കോട്ടയത്ത് വിജയിച്ചത്. 

2016ല്‍ 33000 വോട്ടുകള്‍ക്ക് റെജി സക്കറിയയെയും പരാജയപ്പെടുത്തി. സിറ്റിങ്ങ് എംഎല്‍എയായിരുന്ന വി.എന്‍ വാസവനെ 711 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് 2011ല്‍ തിരുവഞ്ചൂര്‍ ആദ്യമായി കോട്ടയത്ത് വിജയിച്ചത്. ഇക്കുറി അനിൽകുമാറിലൂടെ കോട്ടയം മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീഷയിലാണ് ഇടത് മുന്നണി.  

മൊത്തം 86 സീറ്റിലാണ് സിപിഎം മത്സരിക്കുക. 75 സീറ്റില്‍ സിപിഎം സ്ഥാനാര്‍ഥികളും 11 ഇടത്ത് സ്വതന്ത്രരും ജനവിധി തേടും. 56 സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കും. 81 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. പാലക്കാട് ഉള്‍പ്പെടെ അഞ്ചിടത്തെ സ്ഥാനാര്‍ഥികളെ പിന്നീട് തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. 

ENGLISH SUMMARY:

K Anil Kumar is the LDF candidate for the upcoming Kottayam assembly elections, facing off against a yet-to-be-announced UDF candidate, likely former minister Thiruvanchoor Radhakrishnan. The CPM is optimistic about Anil Kumar's chances, given his active participation in political discussions and his involvement in local social and environmental issues.