കോട്ടയത്ത് എഴുപത്തിമൂന്നു പവന്‍ സ്വര്‍ണം കവര്‍ന്നവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുകയാണെങ്കിലും ആറുമാസം മുന്‍പ് അമ്പതു പവന്‍ കൊണ്ടുപോയ നാലുപേരെ ഇനിയും പിടികൂടിയിട്ടില്ല. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പിടിയിലായ പ്രതി ജാമ്യത്തിലിറങ്ങി. അതേസമയം റബര്‍ബോര്‍ഡ് ക്വാര്‍ട്ടേഴ്സിലെ മോഷണത്തിലും തൃശൂര്‍ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ മോഷണത്തിലും ഉത്തരേന്ത്യക്കാരായ ഒരേസംഘമെന്നാണ് നിഗമനം.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ മാങ്ങാനത്തെ വില്ലയില്‍ കയറി അമ്പതുപവന്‍ സ്വര്‍ണം കൊണ്ടുപോയ പ്രതികളുടെ സിസിടിവി ദൃശ്യങ്ങളാണിത്. ഇതില്‍ മുഖ്യപ്രതിയായ മധ്യപ്രദേശുകാരനായ ഗുരു സജ്ജനെ ഗുജറാത്തിലെ മോര്‍ബിയില്‍ നിന്ന് അതിസാഹസീകമായി പൊലീസ് പിടികൂടിയെങ്കിലും മറ്റു നാലുപേര്‍ ഇപ്പോഴും കാണാമറയത്താണ്. ഈസ്റ്റ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതിയായ ഗുരു സജ്ജന്‍ ജാമ്യത്തിലിറങ്ങി. മോഷ്ടിച്ച അമ്പതുപവന്‍ എവിടെയാണെന്ന് കണ്ടെത്താനും പൊലീസിന് കഴിഞ്ഞില്ല.
രാജ്യത്ത് നിരവധി കേസുകളില്‍ പ്രതികളായ ആയുധധാരികളായ ഉത്തരേന്ത്യന്‍ കൊളളസംഘത്തെ പിടികൂടുക അത്ര എളുപ്പമല്ല. ഇതേ സംഘം തന്നെയാണ് കഴിഞ്ഞ ദിവസം റബര്‍ ബോര്‍ഡ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് എഴുപത്തിമൂന്നു പവന്‍ കൊണ്ടുപോയതെന്ന് സംശയിക്കുന്നു. അമ്പതുപവന്‍ കൊണ്ടുപോയ മാങ്ങാനത്തു നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് റബര്‍ബോര്‍ഡ് ക്വാര്‍ട്ടേഴ്സ്. കഴിഞ്ഞ ദിവസം തൃശൂര്‍ മെഡിക്കല്‍ കോളജ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് പിജി ഡോക്ടറുടെ ഇരുപതുപവന്‍ കൊളളയടിച്ചു.
ഇതെല്ലാം ഉത്തരേന്ത്യക്കാരായ ഒരേ സംഘമെന്നാണ് സംശയം. ഹോസ്റ്റലുകളും ക്വാര്‍ട്ടേഴ്സുകളും സുരക്ഷാജീവനക്കാരും ഉളള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മാത്രമാണ് ഇവരുടെ കവര്‍ച്ച. രണ്ടു സംഘങ്ങളായി തിരിഞ്ഞ് സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയതെളിവുകളും ശേഖരിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.