കള്ളന്‍ കയറി തകര്‍ത്ത വാതില്‍ നന്നാക്കി മടുത്ത ഒരു വീട്ടുടമ ഇനി വാതില്‍ പൂട്ടുന്നില്ലെന്നും കള്ളന്‍ വേണമെങ്കില്‍ ഇനിയും കയറിക്കോട്ടെയെന്നും തീരുമാനമെടുത്തു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ റിട്ട. പ്രൊഫസര്‍ ആര്‍ സത്യനാഥാണ് ഈ തീരുമാനത്തിന് പിന്നില്‍.
പയ്യന്നൂര്‍ വെള്ളൂര്‍ സ്കൂള്‍ ബസ് സ്റ്റോപ്പിന് സമീപമാണ് പ്രൊഫ. സത്യനാഥന്‍റെ വീട്. കഴിഞ്ഞ ദിവസം പ്രൊഫസറുടെ വീട്ടില്‍ കള്ളന്‍ കയറി. വാതില്‍ കുത്തിപ്പൊളിച്ചായിരുന്നു കള്ളന്‍ അകത്തുകടന്നത്. അഞ്ചാം തവണയാണിങ്ങനെ ഒരേ വീട്ടില്‍ ഒരേ വാതില്‍ തകര്‍ത്ത് കള്ളന്‍ മോഷണം നടത്തുന്നത്. കള്ളന്‍ പൊളിക്കും, സത്യനാഥന്‍ നന്നാക്കും.. നാല് തവണയും ഇതായിരുന്നു രീതി.. അഞ്ചാം വട്ടം സത്യനാഥന്‍ ആ തീരുമാനമെടുത്തു. ഇനി വാതില്‍ പൂട്ടിയിടുന്നില്ല. കള്ളന് സ്വാഗതം.. വീട്ടിലുള്ളത് നഷ്ടപ്പെടുന്നതിനേക്കാള്‍ നഷ്ടമാണ് ഒരു വാതില്‍ നന്നാക്കാനെന്നാണ് സത്യനാഥന്‍റെ പക്ഷം.
2002ലാണ് സത്യനാഥിന്‍റെ വീട്ടിലെ ആദ്യ മോഷണം. പിന്നീട് കുടുംബം പിലാത്തറയിലേക്ക് താമസം മാറ്റി. എന്നിട്ടും കള്ളന്‍ വിടുന്ന മട്ടില്ല. ഒടുവില്‍ സിസിടിവി വെച്ചു. എന്നിട്ടും നോ റിസള്‍ട്ട്.. കള്ളന്‍ സിസിടിവി ക്യാമറ അടിച്ചോണ്ടുപോയതല്ലാതെ കള്ളന്‍റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. വാതില്‍ തുറന്നിടാനുള്ള തീരുമാനം ക്ഷമ നശിച്ചപ്പോഴെടുത്തതാണെങ്കിലും കള്ളനെ പിടികൂടാനാകാത്ത പൊലീസിനെ വിശ്വസിച്ച് മടുത്ത സാധാരണക്കാരന്‍റെ പ്രതിഷേധം കൂടിയാണ്.