കണ്ണൂർ വാണിയപ്പാറയിലെ ദുരൂഹമായ കല്ലറയിലെ മൂന്നാമത്തെ മൃതദേഹമെന്ന് സംശയിക്കുന്നത് സിജോ സ്കറിയയുടേത് ആകാൻ സാധ്യതയില്ലെന്ന് ഭാര്യ നിഖില മനോരമ ന്യൂസിനോട്. ഒരുപാട് വർഷമായി സിജോയെക്കുറിച്ച് അന്വേഷണം നടത്തിയിട്ടും കണ്ടെത്താൻ കഴിയാത്തതാണ് തനിക്ക് അങ്ങനെ തോന്നാൻ കാരണമെന്ന് നിഖില പറയുന്നു. സിജോയ്ക്ക് ശത്രുക്കൾ ഉണ്ടെന്ന് കരുതുന്നില്ല . വാണിയപ്പാറയിൽ തനിക്കൊപ്പം രണ്ടുമാസം താമസിച്ച ശേഷം സിജോ സ്വന്തം നാട്ടിലേക്ക് പോയെന്നും തന്റെ അച്ഛൻ അന്വേഷിച്ചു ചെന്നപ്പോൾ വീട്ടിൽ കിടന്നുറങ്ങുന്നതാണ് അവസാനമായി കണ്ടതെന്നും നിഖില പറഞ്ഞു. 

അതേസമയം, വാണിയപ്പാറയിലെ ദുരൂഹമായ സെമിത്തേരി കല്ലറ തുറക്കാൻ പോലീസ് നടപടികൾ ആരംഭിച്ചു. പള്ളി വികാരിയുടെ പരാതിയിൽ നടപടികളുടെ ഭാഗമായി കരിക്കോട്ടക്കരി പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. അസ്വാഭാവികമായ രീതിയിൽ കല്ലറയിൽ പായകൊണ്ട് ചുറ്റിയ മൃതദേഹമെന്ന് സംശയിക്കുന്ന വസ്തു ശ്രദ്ധയിൽപ്പെട്ട് പത്താം ദിവസമാണ് പോലീസ് എഫ്ഐആർ ഇട്ടത്. കല്ലറ തുറക്കുന്നതിന് അനുമതി തേടി കരിക്കോട്ടക്കരി SHO കണ്ണൂർ ജില്ലാ കളക്ടർക്ക് ഇന്ന് അപേക്ഷ നൽകും. കലക്ടർ അപേക്ഷ പരിശോധിച്ച ശേഷം ആയിരിക്കും തീരുമാനമെടുക്കുക. ഫോറൻസിക് സംഘത്തിന്റെ സൗകര്യം കൂടി കണക്കിലെടുത്ത് നാളെ കല്ലറ തുറക്കാനാണ് സാധ്യത

ആ മ‍ൃതദേഹം ആരുടേത്?

വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ ഒരേ കല്ലറയിൽ രണ്ട് മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിച്ചതോടെ വിശദമായ അന്വേഷണത്തിന് പൊലീസ്. എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പൊലീസ് തീരുമാനിച്ചു. ക്രൈംബ്രാഞ്ച്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിമാർ സ്ഥലം സന്ദർശിച്ചു. കല്ലറ തുറക്കാനായി ആർഡിഒയുടെ അനുമതി തേടും. എസ്പിയുടെ നേതൃത്വത്തിൽ യോഗം ചേർന്നശേഷമായിരിക്കും തുടർകാര്യങ്ങൾ തീരുമാനിക്കുന്നത്. കാണാതായ നാദാപുരം വിലങ്ങാട് സ്വദേശിയുടെ ബന്ധുക്കൾ രംഗത്തെത്തിയതോടെയാണ് പൊലീസ് ദുരൂഹതയില്ലെന്ന് പറഞ്ഞ പ്രശ്നം കൂടുതൽ സങ്കീർണമായത്. ഇതിനിടെ കുഴിയിൽ അടക്കം ചെയ്ത ആളുടെ ബന്ധുക്കളും രംഗത്തെത്തി. ആചാരപ്രകാരമാണ് അടക്കിയതെന്ന് ഇവർ വ്യക്തമാക്കി. അതേസമയം, കുഴിയിൽ മൂന്നാമതൊരു മൃതദേഹം കൂടിയുണ്ടോ എന്ന് പള്ളി വികാരി സംശയം പ്രകടിപ്പിച്ചതായി പൊലീസ് പറഞ്ഞു.

അടക്കിയത് ആചാരപ്രകാരം: ജെയിംസിന്റെ ബന്ധുക്കൾ

പള്ളിയുടെ 38ാം നമ്പർ കല്ലറയിൽ 2015 ൽ സംസ്കരിച്ച ജെയിംസ് കുമ്പുക്കലിന്റെ മൃതദേഹം ക്രിസ്ത്യൻ ആചാരപ്രകാരം പെട്ടിയിലാണ് അടക്കിയതെന്ന് ബന്ധുക്കൾ പള്ളി വികാരിയെ അറിയിച്ചു. ശനിയാഴ്ച ജെയിംസിന്റെ ഭാര്യയെ സെമിത്തേരിയിലെത്തിച്ച് പൊലീസ് കല്ലറ തിരിച്ചറിഞ്ഞിരുന്നു. ഭാര്യ കാണിച്ചതനുസരിച്ച് ഇതേ കല്ലറയാണെന്ന് ഉറപ്പിക്കുകയായിരുന്നു. എന്നാൽ ജെയിംസിന്റെ സഹോദരങ്ങൾ രംഗത്തെത്തിയതോടെയാണ് പ്രശ്നം വീണ്ടും സങ്കീർണമായത്. പോസ്റ്റ്മോർട്ടം കഴിഞ്ഞ ശേഷം പായയിൽ കെട്ടി അടക്കിയതാകാമെന്ന പൊലീസിന്റെ കണ്ടെത്തലിനെ ബന്ധുക്കൾ നിഷേധിച്ചു.

ജെയിംസിന്റെ സഹോദരിമാരായ മേരി, മിനി, മിനിയുടെ ഭർത്താവ് തങ്കച്ചൻ, ബന്ധുക്കൾ ഉൾപ്പെടെയുള്ളവരാണ് പള്ളിയിലെത്തി വികാരിയെ കണ്ടത്. മരിച്ച ജെയിംസ് മൂന്ന് വർഷത്തോളമായി ഭാര്യയുമായി പിണങ്ങി സഹോദരി മേരിക്കൊപ്പമാണ് താമസിച്ചത്. അസുഖ ബാധിതനായ ജെയിംസ് രക്തം ഛർദിച്ചാണ് മരിച്ചത്. തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കാരത്തിനായി പള്ളിയിലെത്തിച്ചു. 38ാം നമ്പർ കല്ലറയിൽ അറക്കപ്പൊടിയും മണലും നിരത്തി വെള്ളത്തുണി വിരിച്ച ശേഷമാണ് സംസ്കരിച്ചത്. മൃതദേഹം പള്ളിയിലെത്തിച്ച് ഏറെ നേരം കഴിഞ്ഞാണ് ഭാര്യ സംസ്കാരത്തിന് എത്തിയത്. അതിനാൽ സംസ്കാരത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടാകണമെന്നില്ല. ആറടിയിലധികം ഉയരമുള്ള ആളായിരുന്നു ജെയിംസ്. പായയിൽ കാണുന്ന മൃതദേഹത്തിന് അത്രയും നീളം തോന്നിക്കുന്നില്ലെന്നും ബന്ധുക്കൾ വികാരിയോട് പറഞ്ഞു.

ശാസ്ത്രീയ പരിശോധന വേണമെന്ന് പള്ളി അധികൃതർ

‍ഡിഎൻഎ പരിശോധന ഉൾപ്പെടെ ശാസ്ത്രീയ പരിശോധന നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പള്ളി അധികൃതർ. ക്രിസ്ത്യൻ ആചാര പ്രകാരം പായയിൽ പൊതിഞ്ഞ് മൃതദേഹം അടക്കാറില്ല. ചില സന്ദർഭങ്ങളിൽ മരിച്ചവർ ഉപയോഗിച്ച വസ്തുക്കൾ മൃതദേഹത്തിനൊപ്പം അടക്കം ചെയ്യാറുണ്ടെങ്കിലും അത് പെട്ടിക്കുള്ളിലാണ് വയ്ക്കാണ്. എന്നാൽ ഈ കുഴിയിൽ ഒറ്റ പെട്ടിയേ കാണാനുള്ളു. മാത്രമല്ല, ഒരു പെട്ടിയുടെ മുകളിലായി മറ്റൊരു മൃതദേഹം അടക്കാറില്ല. മൃതദേഹ അവശിഷ്ടങ്ങൾ നീക്കം ചെയ്തശേഷമോ മൂടിയ ശേഷമോ ആണ് അടക്കാറ്. കോവിഡ്, പ്രളയം എന്നീ സന്ദർഭങ്ങളിൽ മാത്രമാണ് ഈ രീതിക്ക് ചിലയിടങ്ങളിലെങ്കിലും മാറ്റം വന്നത്. എന്നാൽ ഈ കുഴിയിൽ അടക്കിയ രണ്ട് മൃതദേഹങ്ങളും കോവിഡ്, പ്രളയം കാലഘട്ടത്തിലല്ല.

ആചാരപ്രകാരമല്ലാതെ ഒരു കാരണവശാലും ക്രിസ്ത്യൻ പള്ളി സെമിത്തേരികളിൽ മൃതദേഹം അടക്കാറില്ല. അതിനാലാണ് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയപ്പോൾ സംശയം തോന്നി പള്ളി അധികൃതർ കുഴി അടച്ചുവയ്ക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തത്. എന്നാൽ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ദുരൂഹത ഇല്ലെന്ന് കണ്ടെത്തി. പക്ഷേ ദുരൂഹത ഉണ്ടെന്ന നിലപാടിൽ നാട്ടുകാരും പള്ളിക്കാരും ഉറച്ചു നിന്നതോടെ പൊലീസ് കൂടുതൽ പരിശോധനയ്ക്ക് തയറായി. കഴിഞ്ഞ 13നാണ് സെമിത്തേരിയിലെ 38ാം നമ്പർ കല്ലറ തുറന്നപ്പോൾ ഉള്ളിൽ പെട്ടിയും സമീപത്തായി പായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹമെന്ന് തോന്നിക്കുന്ന വസ്തുവും കണ്ടത്.

ENGLISH SUMMARY:

Malayala Manorama Online News reports on a mysterious grave in Vaniyappara, Kannur, where the third body found is unlikely to be that of Sijo Skariah, according to his wife Nikhila. Police have initiated procedures to open the grave after suspicions arose about an unusually wrapped body inside.