അർധരാത്രി കിണറ്റിൽ വീണ നായയെ മരണത്തിൽ നിന്ന് രക്ഷിച്ച് പൊലീസുകാരും യുവാക്കളും. കോട്ടയം ഏറ്റുമാനൂർ പട്ടിത്താനത്താണ് കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തനം നടന്നത്.
വീടിന് സമീപമുള്ള കിണറ്റിൽ ആരോ വീണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു ചെമ്മുണ്ടവള്ളിയെ ഒരാൾ ഫോണിൽ വിളിച്ച് അറിയിച്ചത് രാത്രി രണ്ടിന്. ഉടനടി സ്ഥലത്തെത്തി വെളിച്ചം നൽകി നോക്കിയപ്പാഴാണ് മനുഷ്യനല്ല, ഒരു നായ ആണെന്ന് മനസ്സിലായത്. തുടർന്ന് അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിച്ചു. ഗ്രേഡ് എസ്.ഐ സുരേഷ് ബാബു, സി.പി.ഒ സാബു ജോസഫ് എന്നിവർ സ്ഥലത്തെത്തി. വലിയ തടി കഷ്ണം കിണറ്റിൽ ഇട്ട് നായക്ക് താത്കാലികമായി പിടിച്ചു നില്കാൻ ഉള്ള മാർഗം ഉണ്ടാക്കി.
പൂച്ച,നായ എന്നീ മൃഗങ്ങളെ രക്ഷിക്കാൻ അഗ്നിരക്ഷാസേന വരില്ലെന്ന് സന്ദേശം ലഭിച്ചു. മറ്റു മാർഗ്ഗമില്ലാഞ്ഞതിനാൽ വിഷ്ണു ചെമ്മുണ്ടവള്ളിയും സഹോദരൻ ദിനേശ് കുമാറും പൊലീസുകാരും ചേർന്ന് രക്ഷാ കവചം സ്വയം നിർമിച്ച് കിണറ്റിൽ നിന്ന് നായയെ രക്ഷപ്പെടുത്തുകയായിരുന്നു. രാത്രി ഓടിയെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ നാട്ടുകാർ അഭിനന്ദിച്ചു.