പാലാ നഗരസഭാ ഭരണം യു.ഡി.എഫിന് ലഭിക്കാൻ സാധ്യത. ഏതു മുന്നണിയെ പിന്തുണയ്ക്കുമെന്ന് പുളിക്കക്കണ്ടം കുടുംബം നാളെ പ്രഖ്യാപിക്കും. പുളിക്കക്കണ്ടം കുടുംബത്തിലെ ദിയ ബിനുവിനെ നഗരസഭാധ്യക്ഷയാക്കുമെന്ന ഉറപ്പിലാണ് ചർച്ചകൾ തുടരുന്നത്..
പാലായിലെ കിങ് മേക്കേറാണ് പുളിക്കക്കണ്ടം കുടുംബം. കൗൺസിലർമാരായ ബിനു പുളിക്കക്കണ്ടം, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടം, ബിനുവിന്റെ മകൾ ദിയ ബിനു പുളിക്കക്കണ്ടം എന്നിവരുടെ പിന്തുണ തേടി യുഡിഎഫും എൽഡിഎഫും സമീപിച്ചതോടെ ആരെ പിന്തുണയ്ക്കണമെന്ന് പുളിക്കക്കണ്ടം കുടുംബം നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
മൂന്നുപേരും വിജയിച്ച വാര്‍ഡുകളിലെ പൊതുജനങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ ജനസഭയിൽ യുഡിഎഫിനെ പിന്തുണയ്ക്കണം എന്നാണ് ഭൂരിപക്ഷ അഭിപ്രായം ഉയർന്നത്. യുഡിഎഫിന് ഭരണം ലഭിക്കാനാണ് സാധ്യത. ആദ്യ രണ്ട് വർഷം ദിയ ബിനു നഗരസഭാ അധ്യക്ഷയാകും. സ്വതന്ത്ര അംഗമായി വിജയിച്ച കോൺഗ്രസുകാരി മായാ രാഹുലിനും അധ്യക്ഷ സ്ഥാനം നൽകാനാണ് സാധ്യത. ബിനു പുളിക്കക്കണ്ടം നഗരസഭ ഉപാധ്യക്ഷനാകും. വിലപേശലൊന്നും ഇല്ലെന്നും അർഹതയ്ക്ക് അംഗീകാരം ലഭിക്കുമെന്നും ബിനു മനോരമ ന്യൂസിനോട് പറഞ്ഞു.
കേരള കോൺഗ്രസ് എമ്മിൻ്റ തട്ടകത്തിൽ ഭരണം പിടിക്കുകയെന്നത് പത്ത് അംഗങ്ങളുളള യുഡിഎഫിന് പ്രധാനമാണ്. 26 അംഗ നഗരസഭയിൽ 12 സീറ്റാണ് എൽഡിഎഫിന് ലഭിച്ചത്. സ്ഥിരതയുള്ള ഭരണം ഉറപ്പാക്കുമെന്ന് ഇരുപത്തിയൊന്നുകാരി ദിയ ബിനു പറഞ്ഞു. ഇരുപതു വർഷം കൗൺസിലറായിരുന്ന ബിനുവാണ് എല്ലാത്തിനും ചുക്കാൻ പിടിക്കുന്നത്. നാൽപതു വർഷം കേരള കോൺഗ്രസ് എം പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി.സുകുമാരൻ നായർ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും