ആദ്യം ബൾബ്, പിന്നീട് ഫുട്ബോൾ, ഇപ്പോൾ ടെലിവിഷൻ. കോട്ടയം എലിക്കുളം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് യുഡിഎഫ് സ്ഥാനാർഥി മാത്യൂസ് പെരുമനങ്ങാടിൻ്റെ ചിഹ്നം ടെലിവിഷനാണ്. ടിവിയും തലയിൽ വച്ചാണ് മാത്യൂസ് വോട്ട് ചോദിക്കുന്നത്.
വോട്ടർമാരുടെ മനസിലേക്ക് ചിഹ്നം പതിപ്പിക്കാൻ മാത്യൂസ് പെരുമനങ്ങാട് ടെലിവിഷൻ തലയിൽ വെച്ചാണ് വോട്ട് ചോദിക്കുന്നത്. 2015 ൽ ആദ്യമായി മത്സരിച്ച് ജയിച്ച അഞ്ചാം വാർഡിലാണ് മാത്യൂസ് പെരുമനങ്ങാട് അങ്കത്തിനിറങ്ങിയത്. അന്ന് ബൾബായിരുന്നു ചിഹ്നം. 2020 ൽ വട്ടന്താനം വാർഡിൽ മത്സരിച്ചപ്പോൾ ചിഹ്നം ഫുട്ബോൾ ആയിരുന്നു. ബൾബും ഫുട്ബോളും കൈയിലൊതുങ്ങിയെങ്കിൽ ടെലിവിഷൻ തലച്ചുമടാക്കുകയല്ലാതെ മാർഗമില്ലായിരുന്നു.
പ്രദേശത്ത് പ്ലൈവുഡ് ഫാക്ടറി വരുന്നതിനെ എതിർത്തുകൊണ്ടാണ് വോട്ടുപിടുത്തം. അഞ്ചാം വാർഡിലെ നാനൂറ്റമ്പത് വീടുകളിൽ രണ്ടുപ്രാവശ്യമെങ്കിലും ടെലിവിഷനുമായി വോട്ട് ചോദിച്ചു എത്തിയെന്ന് മാത്യുസ് പറയുന്നു.