vaikom-road

വൈക്കത്തഷ്ടമി കൊടിയേറ്റിന് നാല് ദിവസം ബാക്കിനിൽക്കെ തകർന്ന റോഡുകൾ ടാര്‍ ചെയ്യാതെ പൊതുമരാമത്ത് വകുപ്പിന്‍റെ അനാസ്ഥ. ക്ഷേത്രഗോപുരങ്ങളോട് ചേർന്നുള്ള റോഡുകളാണ് വൻ കുഴികളായത്. കെഎസ്ഇബിക്ക് നഗരസഭ പണം അടയ്ക്കാത്തതിനാല്‍ തെരുവുവിളക്കുകളും പ്രകാശിക്കുന്നില്ല. 

ഡിസംബർ ഒന്നിന്  വൈക്കത്തഷ്ടമി ഉത്സവ കൊടിയേറ്റ് ദിനമാണ്. ഇതുവരെ ക്ഷേത്രഗോപുരങ്ങളോട് ചേർന്നുള്ള റോഡുകള്‍ ടാര്‍ ചെയ്യാന്‍ പൊതുമരാമത്ത് ഉദ്യോസ്ഥര്‍ നടപടിയെടുത്തില്ല. ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ നടയിൽ നിന്ന് തെക്കെ നടയിലേക്കുള്ള റോഡിന്‍റെ  അവസ്ഥയാണിത്..ക്ഷേത്രമതിലിനോട് ചേർന്നുള്ള വളവുകളിൽ റോഡില്‍ വലിയ കുഴികളാണ് . ആലപ്പുഴ കുമരകം ഭാഗത്തേക്ക് പോകുന്ന വിനോദ സഞ്ചാരികളും ഇതേ തകര്‍ന്ന റോഡിലൂടെയാണ്  യാത്ര ചെയ്യേണ്ടത്.

ക്ഷേത്രോല്‍സവത്തിന് മുന്നോടിയായി ക്ഷേത്ര റോഡ് നന്നാക്കണമെന്നാണ് പൊതുമരാമത്ത് വകുപ്പുമായുളള കരാര്‍. ദേവസ്വം ബോർഡിലടക്കം ചോദിക്കാനും പറയാനും ആരുമില്ലെന്നാണ് ക്ഷേത്രഭക്തരുടെ പരാതി. നഗരസഭ പണമടക്കാത്തതിനാൽ കെഎസ്ഇബി തെരുവുവിളക്കുകളുടെ ഫ്യൂസ് ഊരി. പ്രദേശം ഇരുട്ടിലായിട്ടും നഗരസഭയും ഇടപെടുന്നില്ല. തിരഞ്ഞെടുപ്പാണെന്ന് പറഞ്ഞ് ജനപ്രതിനിധികളും ഇടപെടാന്‍ തയാറായിട്ടില്ല.

ENGLISH SUMMARY:

Vaikom Ashtami festival preparations are underway, but road repairs near the temple are delayed. The Public Works Department's inaction and non-functional street lights are causing inconvenience to devotees and tourists.