ambulance

TOPICS COVERED

രോഗികളെ കൊണ്ടുപോകാൻ കോട്ടയം തലയോലപ്പറമ്പ് പഞ്ചായത്തിന് സൗത്ത് ഇന്ത്യൻ ബാങ്ക് നൽകിയ ആംബുലൻസ് പഞ്ചായത്ത് ചരക്കുവണ്ടിയാക്കി. കഴിഞ്ഞ ദിവസം പാലക്കാട് കഞ്ചിക്കോട്ടെ പ്രസ്സിൽ നിന്ന് പേപ്പറുകളും ബുക്കുകളും  എടുക്കാനാണ് ആംബുലൻസ് ദുരുപയോഗം ചെയ്തത്. ആംബുലൻസിൽ നിന്ന് സാധനങ്ങൾ ഇറക്കുന്നതിന്റെ ദൃശ്യം മനോരമ ന്യൂസിന് ലഭിച്ചു 

പാലക്കാട് കഞ്ചിക്കോട്ടെ ഗ്രാമലക്ഷ്മി മുദ്രാലയത്തിൽ നിന്ന് തലയോലപറമ്പ് പഞ്ചായത്ത് ഓഫിസിലേക്ക് ആംബുലൻസിൽ കൊണ്ടുവന്ന സാധനങ്ങൾ ജീവനക്കാർ ഇറക്കുന്നതിൻ്റെ ചിത്രങ്ങളാണിത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആംബുലൻസ് ദുരുപയോഗം ചെയ്തത്. കഞ്ചിക്കോട്ടെ സർക്കാർ പ്രസ്സിൽ നിന്ന് ബുക്കുകളും പേപ്പറുകളും മറ്റ് അച്ചടിച്ച പ്രസിദ്ധീകരണങ്ങളുമാണ് പഞ്ചായത്ത് ഓഫീസിലേക്ക് ആംബുലൻസിൽ കൊണ്ടുവന്നത്. ഡ്രൈവറെ കൂടാതെ  പഞ്ചായത്തിലെ യുഡി ക്ലർക്കും ടെക്നിക്കൽ അസിസ്റ്റൻ്റും ആംബുലൻസ് യാത്രയ്ക്ക് ഉണ്ടായിരുന്നു.

പഞ്ചായത്തിലെയും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൻ്റെയും കീഴിൽ വരുന്ന  രോഗികൾക്കു വേണ്ടി സൗത്ത് ഇന്ത്യൻ ബാങ്ക് തലയോലപ്പറമ്പ് പഞ്ചായത്തിന് നൽകിയ ആംബുലൻസാണിത്. ആംബുലൻസ് ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് പതിവാണെന്നാണ് ആരോപണം.

പഞ്ചായത്തിലെ  വാഹനം ദീർഘയാത്രയ്ക്ക് പറ്റില്ലെന്നും പുറമെ നിന്ന് വാഹനം വിളിച്ചാൽ പണം ലാഭിക്കാനാണ് ആംബുലൻസ് ഓടിച്ചതെന്നുമാണ് പഞ്ചായത്തിൻ്റെ വിശദീകരണം.  അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തി. തദ്ദേശ വകുപ്പ് കോട്ടയം ജോയൻ്റ് ഡയറക്ടർ,  വൈക്കം ആർടിഒ എന്നിവർക്ക് തലയോലപ്പറമ്പ് ബിജെപി പഞ്ചായത്ത് കമ്മിറ്റി പരാതി നൽകി.

ENGLISH SUMMARY:

Ambulance misuse in Kerala is the focus of this article. A Panchayat ambulance, donated for patient transport, was allegedly used to transport goods, sparking controversy and calls for investigation.