കോട്ടയം മീനച്ചില്‍ പഞ്ചായത്തിലെ കൊങ്ങോലക്കടവ് പാലത്തിന്‍റെ കോണ്‍ക്രീറ്റ് തകര്‍ന്ന് അപകടാവസ്ഥയില്‍. പാലത്തിനടിയിലെ സിമൻ്റ്പാളികൾ പൂര്‍ണമായും പൊളിഞ്ഞതോടെ കമ്പികള്‍ തെളിഞ്ഞ നിലയിലാണ്. പാലം പൊതുമരാമത്ത് വകുപ്പിന്റേത് ആണെങ്കിലും ആസ്തി റജിസ്റ്ററിൽ ഇല്ലെന്നാണ് പഞ്ചായത്ത് പ്രസിഡൻ്റ് പറയുന്നത്.
നാൽപതു വര്‍ഷം മുന്‍പ് അന്ന് ധനകാര്യമന്ത്രിയായിരുന്ന കെഎം മാണി ഉദ്ഘാടനം ചെയ്ത പാലമാണിത്. വലിയതോടിന് കുറുകെയുള്ള കൊങ്ങോലക്കടവ് പാലം. ഇപ്പോൾ അപകടാവസ്ഥയിലായിട്ട് ഏറെനാളുകളായി.
പാമ്പാടി, പള്ളിക്കത്തോട്, ചെങ്ങളം ഭാഗങ്ങളിലേയ്ക്ക് പാലായില്‍ നിന്നുള്ള എളുപ്പമാര്‍ഗമാണ് ഈ റോഡ്. മഴക്കാലത്ത് പാലത്തിന് അടിയിൽ വലിയ മരത്തടികള്‍ വന്നിടിച്ചാണ് പാലത്തിൻ്റെ കോണ്‍ക്രീറ്റ് തകര്‍ന്നത് മൂന്നു സ്പാനുകളിലായി നില്‍ക്കുന്ന പാലത്തിന്റെ അടിഭാഗത്തെ കമ്പികള്‍ കാണാം. സംരക്ഷണഭിത്തികളും തകര്‍ച്ചയിൽ. രാത്രി വലിയ വാഹനങ്ങള്‍ കടന്നുപോകുന്നത് കൂടുതൽ അപകടാവസ്ഥയിലാക്കുന്നു. വലിയ വാഹനങ്ങളുടെ യാത്ര നിരോധിച്ച് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രയോജനമില്ല. അതേസമയം പാലം ആരുടേതാണെന്ന് ആർക്കും അറിയില്ല. പഞ്ചായത്തിന്റെയോ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെയോ പിഡബ്ല്യുഡിയുടേയോ ആസ്തി റജിസ്റ്ററില്‍ പാലം ഇല്ലെന്നാണ് പഞ്ചായത്ത് പ്രസിഡൻറ് പറയുന്നത്.