കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശുചിമുറിക്കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ ഉറപ്പ് നൽകിയ വീടിന്‍റെ നിർമാണം പൂർത്തിയായി. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവീസ് സ്കീമാണ് വീട് നവീകരണം ഏറ്റെടുത്തത്.

കുടുംബത്തിന്‍റെ നെടുംതൂൺ ആയിരുന്ന ബിന്ദുവിനെ നഷ്ടമായതിന്‍റെ വേദന പങ്കുവയ്ക്കുമ്പോഴും ചേർത്തുപിടിച്ച സർക്കാരിനും നാടിനും നന്ദി പറയുകയുകയാണ് മേപ്പത്തുകുന്നേൽ വിശ്രുതനും സീതാലക്ഷമിയും. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീണ് ജൂലൈ മൂന്നിനാണ് ബിന്ദു മരിച്ചത്. കുടുംബത്തെ ആശ്വസിപ്പിച്ച് മന്ത്രിമാർ ഉറപ്പു നൽകിയതാണ് അടച്ചുറപ്പുള്ള വീട്. 

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവീസ് സ്കീം ആണ് വീട് നവീകരണം ഏറ്റെടുത്തത്. പന്ത്രണ്ടരലക്ഷം രൂപ മുടക്കിയാണ് വീട് പുതുക്കിപ്പണിതത്. മുൻപ് പണി തീരാതെ കിടന്ന വീടിന്‍റെ ഒരു ഭാഗം പൊളിച്ച് നീക്കി ശുചിമുറി അടക്കമുള്ള ഒരു മുറിയും അടുക്കളയും ഉൾപ്പെടെ പുതിയതായി കൂട്ടിച്ചേർത്തു. വീടിന്‍റെ മുറ്റം ടൈൽ പാകി.

മൂന്നരസെന്‍റ്  സ്ഥലത്തെ ഈ വീടിന്‍റെ അവസാനഘട്ട പണികൾ വേഗം പൂർത്തിയാകുന്നതോടെ വെള്ളിയാഴ്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കുടുംബത്തിന് വീട് കൈമാറും. 

ENGLISH SUMMARY:

The construction of a new house promised by the government to the family of Bindu from Thalayolaparambu, who tragically died in the Kottayam Medical College bathroom collapse, has been completed. The National Service Scheme (NSS) under the Higher Education Department undertook the renovation project, spending ₹12.5 lakh. The newly renovated house will be handed over to the family on Friday by Higher Education Minister R. Bindu. The family, still grieving the loss of their sole breadwinner, expresses gratitude for the government's support and solidarity during their difficult time.