കായികകേരളത്തിന് സ്കൂളുകളിൽ നിന്ന് നിരവധി പ്രതിഭകളെ സൃഷ്ടിച്ച കായിക അധ്യാപകർക്ക് ആദരം. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് വിവിധ സ്കൂളുകളിലെ കായികാധ്യാപകർ സ്നേഹ സംഗമത്തിൽ ഒത്തു ചേർന്നത്.
അഞ്ജു ബോബി ജോർജ്, ഷൈനി വിൽസൺ, മോളി ചാക്കോ ഉൾപ്പെടെ ആറോളം ഒളിമ്പ്യൻമാരെ സൃഷ്ടിച്ച കെപി തോമസ് മാഷ്, ചേനപ്പാടി ആർ.വി ഗവൺമെൻ്റ് വി.എച്ച്എസിലെ വി.എൻ കൃഷ്ണപിള്ള, കാഞ്ഞിരപ്പള്ളി ഗവൺമെൻ്റ് ഹൈസ്കൂളിലെ ഇ.സി ജോൺ, ഏറത്തുവടകര യു.പി സ്കൂളിലെ അബ്ദുൾ അസീസ് ഇങ്ങനെ പോകുന്നു ഈ നിര. തലപൊക്കമുള്ള കായിക പരിശീലകരായ എല്ലാവരും കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലുള്ളവരാണ്. പലരും അധ്യാപക ജോലിയിൽ നിന്ന് വിരമിച്ചു. ഫോൺ വഴിയുള്ള സൗഹൃദം പുതുക്കൽ ഒത്തുചേരലിന് വഴിമാറി. കാഞ്ഞിരപ്പള്ളിയിൽ നടന്ന സ്നേഹ സംഗമത്തിൽ കായിക അധ്യാപക രംഗത്ത് നിന്ന് വിരമിച്ച് പത്ത് അധ്യാപകരെ ആദരിച്ചു.
എം.ഡി. ജോർജ്, എം.എ ജോൺ, എം എൻ.വിശ്വപ്പൻ, പി.എം.ബെനഡി, ഏലിയാമ്മ തോമസ്, എം.എ.ജോസഫ് ,കെ.വി.ദേവസ്യ. സംസ്ഥാന അവാർഡ് ജേതാവ് ജോസഫ് പേമല എന്നിവരും ചടങ്ങിൽ ആദരം ഏറ്റുവാങ്ങി