കോട്ടയം വൈക്കം വെച്ചൂരില്‍ വയോധിക ദമ്പതികൾ താമസിക്കുന്ന വീടിൻ്റെ കുടിവെള്ള ടാങ്കിൽ വിഷാംശം കലര്‍ത്തിയതില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഒരാഴ്ച മുമ്പ് ദമ്പതികള്‍ കൊല്ലാട് ബന്ധുവീട്ടില്‍ പോയി തിരികെ വന്നപ്പോഴാണ് വെളളത്തിന് മണവും നിറവ്യത്യാസവും ശ്രദ്ധയില്‍പ്പെട്ടത്.
വെച്ചൂര്‍ കൊടുതുരുത്തില്‍ താമസിക്കുന്ന എണ്‍പത്തിമൂന്നുകാരനായ മണിയനും ഭാര്യ എഴുപത്തിമൂന്നുകാരി ജാനമ്മയും അയല്‍വീടുകളില്‍ നിന്ന് വെളളമെടുത്താണ് ഇപ്പോള്‍ ഭക്ഷണം പാചകം ചെയ്യുന്നത്. ഇവരുടെ വീടിന്‍റെ അടുക്കള ഭാഗത്തായി വച്ചിരുന്ന ടാങ്കിലെ വെളളത്തിലാണ് നെല്ലിന് തളിക്കുന്ന കീടനാശിനി കലര്‍ത്തിയതായി കാണപ്പെട്ടത്. കഴിഞ്ഞമാസം ഇരുപത്തിയൊന്‍പതിന് കൊല്ലാട് താമസിക്കുന്ന മകന്‍റെ വീട്ടിലേക്ക് പോയി. രണ്ടു ദിവസം കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് വെളളത്തിന്‍റെ നിറത്തിലും മണത്തിലും വ്യത്യാസം കാണപ്പെട്ടത്.
വെളളത്തിന്‍റെ സാംപിള്‍ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പൊലീസും ആരോഗ്യവകുപ്പ് ജീവനക്കാരും സ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചിരുന്നു. വീട് നില്‍ക്കുന്ന പ്രദേശത്ത് ബൈക്കില്‍ എത്തിയെന്ന് സംശയിക്കുന്ന രണ്ടു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.