കോട്ടയം മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. പ്രസിദ്ധമായ നടതുറക്കല്‍ ഏഴാം തീയതിയാണ്. നട അടയ്ക്കുന്ന പതിനാലു വരെ സഭയിലെ മെത്രാപ്പൊലീത്തമാര്‍ കുര്‍ബാന അര്‍പ്പിക്കും.
ആയിരങ്ങളെ സാക്ഷിയാക്കി ആഘോഷപൂര്‍വമായിരുന്നു കൊടിയേറ്റ് ചടങ്ങ് . പളളിക്ക് മൂന്നുപ്രാവശ്യം പ്രദക്ഷിണം ചെയ്ത് പളളിയുടെ കല്‍ക്കുരിശിന് പടിഞ്ഞാറുവശത്തായാണ് പ്രാര്‍ഥനയോടെ കൊടിമരം ഉയര്‍ത്തിയത്.
എട്ടുദിവസത്തെ നോമ്പാചരണം തുടങ്ങിയതോടെ തീര്‍ഥാടകരുടെ ഒഴുക്കാണ് മണര്‍കാട് പളളിയിലേക്ക്. എല്ലാ ദിവസവും കുര്‍ബാനയക്ക് മെത്രാപ്പൊലീത്തമാര്‍ കാര്‍മികത്വം വഹിക്കും. ഏഴിന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാനയും തുടര്‍ന്ന് വിശ്വാസികള്‍ക്ക് അനുഗ്രഹദര്‍ശനമായി നടതുറക്കലും നടക്കും. വിശുദ്ധ ദൈവമാതാവിന്‍റെയും ഉണ്ണിയേശുവിന്‍റെയും ഛായാചിത്രം ദര്‍ശനത്തിനായി തുറന്നു നല്‍കുന്ന ചടങ്ങാണിത്. പതിനാലിന് വൈകിട്ടാണ് നട അടയ്ക്കുന്നത്. പളളിയും പരിസരവും ദീപാലങ്കാരപ്രഭയിലാണ്.