മറ്റൊരാളുടെ പേരിൽ റവന്യൂ ഉദ്യോഗസ്ഥർ പോക്കുവരവ് ചെയ്തു കൊടുത്ത സ്ഥലം തിരികെ കിട്ടാനായി ഓഫിസുകൾ കയറിയിറങ്ങുകയാണ് കോട്ടയം പാലാ നീലൂർ സ്വദേശി ചാക്കോയും കുടുംബവും. കോടതിയും കലക്ടറും ഉത്തരവിട്ടിട്ടും പതിനേഴു വർഷമായി നീതി കിട്ടിയില്ലെന്നാണ് അംഗപരിമിതനായ ചാക്കോയുടെ പരാതി.
സ്ഥലം പോക്കുവരവു ചെയ്‌ത് നൽകാത്തതിൽ പ്രതിഷേധിച്ച് മീനച്ചിൽ താലൂക്ക് ഓഫീസിന് മുന്നിൽ കഴിഞ്ഞ ദിവസം നീലൂർ പൂവേലിയിൽ 78 കാരനായ ചാക്കോയും ഭാര്യ ഡെയ്‌സിയും സമരം നടത്തിയിരുന്നു.കേൾവി, സംസാര പരിമിതിയുള്ളയാളാണ് ചാക്കോ. നീലൂരിനടുത്ത് വിലകൊടുത്ത് വാങ്ങിയ നാലേക്കർ ഭൂമിയുടെ പോക്കുവരവാണ് വൈകുന്നത്.
1986-ൽ രജിസ്‌ട്രേഷൻ നടത്തിയ ഭൂമി റീസർവേ സമയത്ത് അന്നത്തെ റവന്യൂ ഉദ്യോഗസ്ഥൻ മറ്റൊരാൾക്ക് ചാക്കോയുടെ സ്ഥലം പോക്കുവരവ് ചെയ്‌ത് നൽകി. അന്ന് നഷ്ടപ്പെട്ട ഭൂമി തിരികെ പിടിക്കാനായി 2008 മുതൽ വിവിധ ഓഫീസുകളിൽ കയറിയിറങ്ങുകയാണ് ചാക്കോയും ഡെയ്സിയും.
2017ൽ തെറ്റായുള്ള പോക്കുവരവ് പാലാ ആർഡിഒ റദ്ദാക്കിയതാണ്. മാത്രമല്ല കലക്ടറുടെയും കോടതിയുടെയും ഉത്തരവുകളും ഉണ്ടെന്ന് ദമ്പതികൾ പറയുന്നു. കഴിഞ്ഞ ദിവസം സമരം നടത്തിയപ്പോൾ സ്ഥലത്തെത്തിയ തഹസിൽദാർ ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കാം എന്നാണ് ചാക്കോയ്ക്കും ഭാര്യ ഡെയ്‌സിക്കും നൽകിയ ഉറപ്പ്.