കോട്ടയം വൈക്കം നഗരസഭയിൽ യുഡിഎഫിലെ തമ്മിലടിയിൽ ഭരണപ്രതിസന്ധി. അഴിമതി ആരോപണം നേരിട്ട കേരള കോൺഗ്രസ് അംഗം സിന്ധു സജീവൻ സിപിഎമ്മിൽ ചേർന്നതാണ് യുഡിഎഫിനെ വെട്ടിലാക്കിയത്. ബിജെപിയാണ് സിന്ധുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്
സ്വന്തം വാർഡിൽ നടത്തിയ മാലിന്യ നിർമാർജനത്തിൽ ഫണ്ട് തട്ടിപ്പ് നടത്തിയെന്ന ആക്ഷേപം നേരിടുന്നയാളാണ് സിന്ധു സജീവൻ. കേരള കോൺഗ്രസ് അംഗമായ തനിക്കെതിരെ ബിജെപി ഉന്നയിച്ച അഴിമതി ആരോപണത്തിന് പിന്നിൽ നഗരസഭാ വൈസ് ചെയർമാൻ പി.ടി സുഭാഷാണെന്നാണ് സിന്ധുവിൻ്റെ പരാതി. പാർട്ടിയും യുഡിഎഫ് മുന്നണിയും സംരക്ഷണം തരാത്തതിനാൽ സിപിഎം കൗൺസിലർമാർകൊപ്പം ചേർന്നു നിൽക്കാൻ സിന്ധു തീരുമാനമെടുത്തു. കിട്ടിയ അവസരം കളയാതെ സിന്ധുവിനെ സിപിഎം മാലയിട്ട് സ്വീകരിച്ചു
സിന്ധു സജീവന്‍റെ ആരോപണങ്ങൾ ചെയർപഴ്സനും വൈസ് ചെയർമാനും നിഷേധിച്ചു. സിന്ധുവിൻ്റെ മകൻ്റെ പേരിലുള്ള ഇടപാടിൽ ആരോപണം വന്നപ്പോൾ രക്ഷപെടാനാണ് CPMൻ്റെ കൂടെ പോയതെന്ന് നഗരസഭ ചെയർപഴ്സൺ പറഞ്ഞു. UDF 11 - LDF 9 - BJP 4 - കോൺഗ്രസ് അനുഭാവിയായ ഒരു സ്വതന്ത്രൻ, CPM അനുഭാവിയായ ഒരു സ്വതന്ത്ര എന്നിങ്ങനെയായിരുന്നു കക്ഷിനില. സിന്ധു സിപിഎമ്മിലേക്ക് മാറിയതോടെ യുഡിഎഫും എൽഡിഎഫും തുല്യമായി.