കോട്ടയം വൈക്കം തലയാഴം പഞ്ചായത്തിൽ കുടുംബശ്രീ ഉത്പാദന ഗ്രൂപ്പിൻ്റെ പേരിൽ സിപിഎം ഭാരവാഹികൾ തട്ടിപ്പ് നടത്തിയെന്ന് പരാതി. കഴിഞ്ഞ മൂന്നു വർഷത്തെ കണക്കിലാണ് ക്രമക്കേടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഒരുമ എന്ന പേരിൽ ഇതുവരെ പ്രവർത്തിക്കാത്ത ഉത്പാദന ഗ്രൂപ്പ് ഉണ്ടാക്കി വിവിധ ഉപകരണങ്ങൾ വാങ്ങിയതിലൂടെ ഒരു ലക്ഷത്തിനാൽപത്തിഅയ്യായിരം രൂപയുടെ ക്രമക്കേട് നടന്നതായാണ് പരാതി.
സിഡിഎസിൻ്റെ താൽക്കാലിക ചുമതല വഹിച്ച സിപിഎം അംഗം ഉൾപ്പെട്ട ഒരുമ ഗ്രൂപ്പിൻ്റെ ജോയിൻ്റ് അക്കൗണ്ട് മുഖേനയാണ് പണമിടപാട് നടന്നത്. ഉപകരണങ്ങൾ വാങ്ങിയതും വർക്കിങ് ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങളും പഞ്ചായത്തും മറ്റ് ഗ്രൂപ്പ് അംഗങ്ങളും അറിഞ്ഞിട്ടില്ലെന്നാണ് ആക്ഷേപം. സർക്കാർ ഏജൻസികൾ അന്വേഷണം നടത്തണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
നടപടി ആവശ്യപ്പെട്ട് ബിജെപി അംഗങ്ങൾ കഴിഞ്ഞദിവസം പഞ്ചായത്തിന് മുന്നിൽ ധർണ്ണ നടത്തിയിരുന്നു.വർക്കിങ് ഗ്രൂപ്പിന്റെ 2022 മുതലുള്ള കണക്ക് വിശദമായി പരിശോധിക്കണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടു.