രണ്ടു പുഴയായി ഒഴുകുന്ന രണ്ടു കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ മധ്യതിരുവിതാംകൂറിലെ വെളളപ്പൊക്കത്തിന് പരിഹാരം തേടി രംഗത്ത്. വേമ്പനാട്ടുകായല്‍ വ്യത്തിയാക്കണമെന്ന് പിജെ ജോസഫ് നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെടുമ്പോള്‍ മീനച്ചിലാര്‍ വൃത്തിയാക്കണമെന്നാണ് കേരള കോണ്‍ഗ്രസ് എം പറയുന്നത്. രണ്ടു പാര്‍ട്ടികളുടെയും ലക്ഷ്യം ഒന്നാണെങ്കിലും വെളളം അറബിക്കടലില്‍ എത്താന്‍ കടമ്പകള്‍ ഏറെയാണ്.
മീനച്ചിലാറും വേമ്പനാട് കായലും ചെളിയടിഞ്ഞ് ആഴം കുറഞ്ഞതാണ് വെളളപ്പൊക്കത്തിന് കാരണമെന്ന് എല്ലാവര്‍ക്കും ഒരേ അഭിപ്രായം. കിഴക്ക് മഴ പെയ്താല്‍ ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയില്‍ വെളളം കയറും. പാലാ, ഈരാറ്റുപേട്ട പട്ടണങ്ങളിലെ വ്യാപാരസ്ഥാപനങ്ങൾ വെളളത്തിലാകും. പടിഞ്ഞാറ് അപ്പര്‍കുട്ടനാടും കുട്ടനാടും മാസങ്ങളോളം വെളളത്തില്‍. ഭരണപക്ഷത്ത് ജലവിഭവ വകുപ്പ് കൈവശമുളള പാര്ട്ടിയാണെങ്കിലും വെളളപ്പൊക്ക ഭീഷണിക്ക് പരിഹാരം തേടുകയാണ് കേരള കോണ്‍ഗ്രസ് എം. ഇതിനായി കോട്ടയത്ത് വിദഗ്ദരെ പങ്കെടുപ്പിച്ച് സെമിനാര്‍ നടത്തി. എല്ലാ വകുപ്പുകളുടെയും പിന്തുണ വേണമെന്ന് പാര്‍ട്ടി ചെയര്‍മാന്‍.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വെളളപ്പൊക്കം ഒഴിവാക്കാന്‍ വേമ്പനാട് കായലിലെ ചെളിമാറ്റി ആഴംകൂട്ടണമെന്നാണ് പിജെ ജോസഫ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. സര്‍ക്കാരിന്‍റെ കണ്ണു തുറക്കാന്‍ 28 ന് വൈക്കത്ത് സമരത്തിന് തുടക്കമിടാനാണ് പാര്‍ട്ടി തീരുമാനം.