വൈക്കം സ്വദേശിയായ പതിനാലുകാരന്‍ കണ്ടെത്തിയ ഛിന്നഗ്രഹത്തിന് നാസയുടെ അംഗീകാരം. എട്ടാം ക്ലാസ് വിദ്യാര്‍ഥി ശ്രേയസ് ഗിരീഷാണ് നാസയുടെ പ്രത്യേക പ്രോജക്റ്റിന്‍റെ ഭാഗമായി ഛിന്നഗ്രഹം കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം മൂന്ന് ഛിന്നഗ്രഹങ്ങളെ കണ്ടെത്തി, നാസയുടെ ഔദ്യോഗിക അംഗീകാരത്തിനായി കാത്തിരിക്കുന്നതിനിടെയാണ് ശ്രേയസിന്‍റെ പുതിയ നേട്ടം.
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നടത്തുന്ന ഓണ്‍ലൈന്‍ ക്യാപെയ്ന്‍ റിസര്‍ച്ചില്‍ പങ്കെടുത്താണ് ശ്രേയസ് ഗിരീഷ് അഭിമാനനേട്ടം സ്വന്തമാക്കിയത്. ജ്യോതിശാസ്ത്രത്തില്‍ ഏറെ താല്‍പര്യമുള്ള ശ്രേയസ് നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നാസയുടെ ഇ റിസര്‍ച്ച് ടീമില്‍ അംഗത്വം നേടിയത്. സിറ്റിസണ്‍ സയന്‍റിസ്റ്റായി പ്രവര്‍ത്തിക്കവെ മില്‍ക്കിവേ എക്സ്പ്ലോറര്‍ എന്ന പ്രോജക്ടിന്‍റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2024 മാര്‍ച്ചില്‍ മൂന്ന് ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയെങ്കിലും നാസയുടെ ഔദ്യോഗിക അംഗീകാരത്തിന്‍റെ കാത്തിരിപ്പിലായിരുന്നു. എന്നാല്‍ ഇതിനിടെയാണ് പുതിയ ക്യാപെയ്നില്‍ ടീം ലീഡായതിന് ശേഷം കണ്ടെത്തിയ മറ്റൊരു ഛിന്നഗ്രഹത്തിന് നാസയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചത്.
ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി മാറിയ ശ്രേയസ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയിരുന്നു. പുതിയ നേട്ടം ഗിന്നസ് വേള്‍ഡ് റെക്കോഡ്സിന്‍റെ പരിഗണനയിലാണ്. കാക്കനാട് ജെംസ് മോഡേണ്‍ അക്കാദമിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ശ്രേയസിന് ഭാവിയില്‍ ശാസ്ത്രജ്ഞനാകാനാണ് ആഗ്രഹം.