കോട്ടയം നഗരത്തോട് ചേർന്നുള്ള മൂലേടം റെയിൽവേ മേൽപ്പാലത്തിൽ അപകടക്കെണി ഒരുക്കി വലിയ കുഴികൾ. രാത്രിയിൽ ഇരുചക്രവാഹനങ്ങള്‍ അപകടത്തിൽപ്പെടുന്നതും പതിവാണ്.
മൂലേടം റെയിൽവേ മേൽപ്പാലത്തിലെ ടാറിങ് പൊട്ടിപ്പൊളിഞ്ഞിട്ട് ഒന്നരവർഷത്തിലേറെയായി. വല്ലപ്പോഴും ഗസ്റ്റ് ഹൗസിലേക്ക് പോയിക്കൊണ്ടിരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ഒക്കെ ഇപ്പോൾ പാലത്തിലെ വാരിക്കുഴികൾ ഒഴിവാക്കി മറ്റു റോഡുകളിലൂടെയാണ് യാത്ര. പക്ഷേ ദിവസവും ഇതുവഴി പോകുന്ന നാട്ടുകാരും യാത്രക്കാരും നരകിക്കുന്നു.
പൊതുമരാമത്ത് വകുപ്പ് റോഡ്സ് ആൻഡ് ബ്രിജസ് ഉദ്യോഗസ്ഥർക്കാണ് പാലം ഗതാഗത യോഗ്യമാക്കാനുള്ള ഉത്തരവാദിത്തം. പരാതികളും സമരമുറകളും പ്രതിഷേധങ്ങളും ഉയർന്നിട്ടും പാലത്തിൽ ടാർ വീണിട്ടില്ല. ബജറ്റിൽ ഒരു കോടി രൂപ അനുവദിച്ചിട്ടും നിർമാണ പ്രവർത്തി നടക്കുന്നില്ല എന്നാണ് സ്ഥലം എംഎൽഎ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണനും പറയുന്നത്. കോൺഗ്രസ് നേതൃത്വത്തിൽ പാലത്തിലെ കുഴിയിൽ ഇരുന്ന് പ്രതിഷേധിച്ചു. 2014 ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് മേൽപ്പാലം പണിതത്. പിന്നീട് അറ്റകുറ്റപ്പണി നടത്താത്തതാണ് കുഴികൾ നിറയാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു