മഴ കനത്താല്‍ ആശങ്കയിലാകുന്ന മലയോരമേഖലയില്‍ കൃത്യതയുളള കാലാവസ്ഥ വിവരങ്ങള്‍ നല്‍കാന്‍ പുതിയ സംവിധാനം. കോട്ടയത്ത് പൂഞ്ഞാര്‍ മേഖലയിലെ മീനച്ചില്‍ നദീതടത്തിലാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മൂന്നു വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചത്.
എല്ലാം സീസണിലും മഴമേഘങ്ങള്‍ കൂടാരമടിച്ച് ഒന്നു പേടിപ്പിക്കുന്നയിടമാണ് കോട്ടയത്തിന്‍റെ മലയോരമേഖല. മഴ കനത്താല്‍ കിഴക്ക് ഉരുള്‍പൊട്ടിയോ, മീനച്ചിലാറ്റില്‍ വെളളം പൊങ്ങുമോയെന്നൊക്കെ ചോദിക്കുന്നവര്‍ ഏറെയാണ്. മഴ മണ്ണിലിറങ്ങുന്നതിന്‍റെ തീവ്രത മനസിലാക്കി ഇനി ഇക്കാര്യത്തിലൊക്കെ കൃത്യത ഉറപ്പാക്കാനാണ് കാലാവസ്ഥ നിര്‍ണയ കേന്ദ്രം. തീക്കോയി പഞ്ചായത്തിലെ വഴിക്കടവ് , മൂന്നിലവിലെ മേച്ചാല്‍, പൂഞ്ഞാര്‍ തേക്കേക്കരയിലെ പാതപ്പുഴ എന്നിവിടങ്ങളിലാണ് മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെ സഹകരണത്തോടെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഓട്ടമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചത്.
നൂസ്പേസ് ഇന്ത്യ ലിമിറ്റഡ് ഉള്‍പ്പെടെയുളളവരും പദ്ധതിക്കൊപ്പമുണ്ട്. ഒരു വെതര്‍ സ്റ്റേഷന്‍ സ്ഥാപിച്ചതിന് നാലു ലക്ഷം രൂപയാണ് ചെലവ്. വാഗമണ്‍ മുതല്‍ കുമരകം വരെയുളള പ്രദേശത്തെ കാലാവസ്ഥ വിവരം ശേഖരിക്കുന്ന വൊളന്‍റിയര്‍മാരുടെ പ്രവര്‍ത്തനവും ഇതിനൊപ്പം തുടരും.