ഭൂമിക്ക് ഭാരമായ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളെക്കുറിച്ച് ഓരോ പരിസ്ഥിതി ദിനവും നമ്മളെ ഓർമിപ്പിക്കുമ്പോൾ പ്ലാസ്റ്റിക് സംസ്കരണത്തിന്‍റെ വിജയവഴിയിലാണ് കോട്ടയം തലയോലപ്പറമ്പ് കാരിക്കോട് സ്വദേശി ബിജു ചാക്കോ. ഏഴുവർഷംകൊണ്ട് ബിജുവിന്‍റെ സ്ഥാപനത്തിൽ ഏഴായിരം ടൺ പ്ലാസ്റ്റിക് മാലിന്യമാണ് സംസ്കരിച്ചത്.
പ്ലാസ്റ്റിക് പുനരുപയോഗത്തിന്റെ ആവശ്യകതയാണ് തലയോലപ്പറമ്പ് കാരിക്കോട് സ്വദേശി ബിജുചാക്കോ തന്റെ സ്ഥാപനത്തിലൂടെ കാണിച്ചുതരുന്നത്. മണ്ണിനും മരങ്ങൾക്കും മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഭീഷണിയായ പ്ലാസ്റ്റിക് മാലിന്യം കിട്ടാവുന്നത് അത്രയും ശേഖരിച്ച് സ്ഥാപനത്തിൽ എത്തിക്കുന്നു. തുടർന്ന് സംസ്കരണം. ശരാശരി എഴുപതു ടൺ പ്ലാസ്റ്റിക്കാണ് ഒരുമാസം പുനരുപയോഗത്തിനായി തയാറാകുന്നത്. കഴിഞ്ഞ ഏഴ് വർഷമായി ഏഴായിരം ടൺ പ്ലാസ്റ്റിക് പുനരുപയോഗത്തിനായി മാറ്റിയെന്ന് ബിജു പറയുന്നു.
തുരുത്തേൽ സ്വദേശി ഷിബുകുമാറും ബിജുവിന് പിന്തുണയായ് ഉണ്ട്. പ്രാദേശികമായുള്ള വിവിധ വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കൾ കൈമാറി വ്യവസായ മേഖലയ്ക്കും പിന്തുണ നൽകുന്നു. ഇത്തരം സംരംഭങ്ങൾക്ക് സർക്കാരിന്റെയും നാടിന്റെയും കൂടുതൽ പിന്തുണ വേണമെന്നാണ് ബിജുവും ഷിബുവും പങ്കുവക്കുന്നത്.