ജീർണാവസ്ഥയിലായ കെട്ടിടത്തിന് ചുറ്റും വെള്ളക്കെട്ട് ആയതോടെ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത് ഭീതിയിൽ. കോട്ടയം വൈക്കം റീജനൽ ട്രാൻസ്പോർട്ട് ഓഫിസാണ് അപകടാവസ്ഥയിലുള്ളത്. വൈക്കം നഗരസഭയുടെ കെട്ടിടത്തിൽ താഴത്തെ നിലയിലാണ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസ്. രണ്ടു മഴപെയ്തപ്പോഴേക്കും കെട്ടിടം വെള്ളത്തിലായി.
കഴിഞ്ഞദിവസം കെട്ടിടത്തിന്റെ ചുറ്റുമതിൽ തകർന്ന് വീണിരുന്നു. മേൽക്കൂരയിലെ സിമന്‍റ് പാളികൾ ഇളകി ദുർബലമായ കെട്ടിടം. എങ്ങനെ ഓഫീസിലിരുന്ന് ജോലി ചെയ്യുമെന്നാണ് ഉദ്യോഗസ്ഥർ ചോദിക്കുന്നത്. 19 ജീവനക്കാരാണ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ ജോലി ചെയ്യുന്നത്. വാഹനങ്ങളുടെ ടെസ്റ്റ് നടത്തുന്ന സ്ഥലം ഉൾപ്പെടെ വെള്ളം കയറുകയാണ്. ഇതിന് സമീപം ഉണ്ടായിരുന്ന കുളം നികത്തിയത് വെള്ളക്കെട്ടിന് കാരണമായെന്നാണ് പരാതി.
ഓഫീസ് മാറ്റാനുള്ള നടപടികൾ രണ്ടരവർഷം മുൻപ് തുടങ്ങിയെന്നാണ് നഗരസഭയുടെ വാദം. ചുമതലപ്പട്ട ഉദ്യോഗസ്ഥർ ഇത്രയും നാൾ എന്തെടുക്കുകയാണെന്ന ചോദ്യത്തിന് ഉത്തരമില്ല. ദിവസേന നൂറു കണക്കിനാളുകൾ എത്തുന്ന ഓഫിസിൽ ആർക്കും സുരക്ഷിതത്വമില്ല.