വേനലവധിക്കാലത്ത് കുട്ടികളെന്ത് ചെയ്തെന്ന ചോദ്യത്തിന് കോട്ടയം കടുത്തുരുത്തിയിലെ രണ്ടു കുട്ടികളുടെ സേവനം മാതൃകാപരമായി. വസ്ത്രങ്ങള്‍ ശേഖരിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന സ്കൂളിലെ ക്ളോത്ത് ബാങ്കിനൊപ്പമായിരുന്നു കുട്ടികള്‍.
കടുത്തുരുത്തി സെന്‍റ് കുര്യാക്കോസ് പബ്ളിക് സ്കൂള്‍ പത്താംക്ളാസ് വിദ്യാര്ഥിനി ലയയും, സഹോദരന്‍ ആറാംക്ളാസുകാരന്‍ ലീനുമാണ് ഇങ്ങനെ ഓരോദിവസവും വീടുകള്‍ കയറിയിറങ്ങിയത്. വീടുകളില്‍ നിന്ന് വസ്ത്രങ്ങള്‍ ശേഖരിക്കുകയായിരുന്നു കുട്ടികള്‍. വീട്ടുകാര്‍ക്ക് ആവശ്യമില്ലാത്തതും വീണ്ടും മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്നതുമായ വസ്ത്രങ്ങളാണ്. വീട്ടിലെത്തിച്ച് ഇവയെല്ലാം കഴുകി വൃത്തിയാക്കി തേച്ചു മിനുക്കിയെടുത്തു.
സ്കൂള്‍ മുഖേന ക്രമീകരിച്ചിരിക്കുന്ന ക്ളോത്ത് ബാങ്കിലേക്കാണ് വസ്ത്രങ്ങള്‍ കൈമാറിയത്. ഇവ പാവപ്പെട്ടവര്‍ക്ക് കൈമാറുന്നതാണ് രീതി. ലയയും ലീനും മാത്രമല്ല സ്കൂളിലെ മറ്റു കുട്ടികള്‍ക്കും ഈ അവധിക്കാലത്ത് നല്ലൊരു അനുഭവമായിരുന്നു ക്ളോത്ത് ബാങ്കിന്‍റെ പ്രവര്‍ത്തനം.