എടത്വയിൽ തകർന്ന റോഡിൽ അപകടം പതിവാകുന്നു. കോട്ടയം - ഹരിപ്പാട് ബൈപ്പാസ് റോഡിലെ എടത്വ - വീയപുരം പാതയിലാണ് വഴി കുഴിയായത്. ഉടൻ ശരിയാക്കാം എന്ന സ്ഥിരം പല്ലവി പറഞ്ഞ് ഒഴിയുകയാണ് അധികൃതർ.
കോട്ടയത്ത് നിന്ന് ഹരിപ്പാടെത്താനുള്ള ബൈപ്പാസ് റോഡിൽ എടത്വ കഴിഞ്ഞാൽ പിന്നെ നോക്കണ്ട. അഭ്യാസം കയ്യിലുണ്ടെങ്കിലെ വണ്ടി കുഴിയിൽ വീഴാതെ ഓടിക്കാനാകൂ. വീതി കുറവായതിനാൽ അപകടവും പതിവ്. ഒന്നില്ലെങ്കിൽ കുഴിയിൽ വീഴും. കുഴി ഒഴിവാക്കി ഓടിച്ചാൽ എതിർദിശയിലെ വണ്ടിക്ക് മുന്നിൽ പെടും. കഴിഞ്ഞ എട്ടുമാസമായി റോഡ് ഇതേ അവസ്ഥയിലാണ്.
എടത്വയിലെ വെട്ടുതോട് -കളങ്ങര - പുതുക്കരി റോഡിന്‍റേയും കുന്നംകരി - കുമരൻകരി റോഡിന്റെയും അവസ്ഥ ഇതുതന്നെ. 21 കിലോമീറ്റർ വരുന്ന മൂന്ന് റോഡിനും കൂടി 107 കോടി രൂപ അനുവദിച്ചതാണ്. പക്ഷേ ഒന്നും നടപ്പിലായില്ലെന്ന് മാത്രം. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നാണ് അപകടം കണ്ടുമടുത്ത് നാട്ടുകാർ പറയുന്നത്.