പോളിയോ ബാധിച്ച് തളർന്ന കാലുകളുമായി വേമ്പനാട്ട് കായലിന് കുറുകെ നീന്തി കയറി ഒരു നാൽപത്തിരണ്ടുകാരൻ. ആലുവ കരുമല്ലൂർ സ്വദേശി രതീഷാണ് വേമ്പനാട്ട് കായൽ നീന്തി കയറിയത്. മുങ്ങി മരണമൊഴിവാക്കാൻ നീന്തലിൻ്റെ പ്രാധാന്യം നാടിന്‍റെ ശ്രദ്ധയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു രതീഷിന്‍റെ നീന്തൽ പ്രകടനം.
രണ്ടര വയസിൽ പോളിയോ ബാധിച്ചാണ് അരക്ക് താഴെ തളർന്ന് ആലുവാക്കാരൻ രതീഷിന് വീൽചെയറിൽ ജീവിതം നയിക്കേണ്ടിവന്നത്. ഐടിഐ പൂർത്തിയാക്കിയെങ്കിലും ചിത്രകലയ്ക്കൊപ്പമാണ് രതീഷിന്‍റെ ജീവിതം.ശാരീരിക പരിമിതി ഉള്ളവർക്ക് പ്രചോദനമേകുന്നതിനൊപ്പം മുങ്ങി മരണമൊഴിവാക്കാൻ നീന്തലിൻ്റെ പ്രാധാന്യം നാടിൻ്റെ ശ്രദ്ധയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു രതീഷിൻ്റെ നീന്തൽ പ്രകടനം.
വേമ്പനാട്ട് കായലിന് കുറുകെ നീന്തി കയറാനാണ് രതീഷ് രാവിലെ ചേർത്തല വടക്കുംകര അമ്പലകടവിലെത്തിയത്. തയ്യാറെടുപ്പുകൾക്ക് ശേഷം വീൽ ചെയറിൽ നിന്ന് കായലിലേക്ക്. മറുകരയായ വൈക്കം ബീച്ചിലേക്ക് നീന്തി തുടങ്ങിയപ്പോൾ സമയം രാവിലെ എഴ് ഇരുപത്തിയഞ്ച്. കായൽ കാറ്റിലുയർന്ന കുഞ്ഞോളങ്ങളെ മറികടന്ന് അനക്കമറ്റ പാതി ശരീരവുമായി കൈകൾ മാത്രം തുഴഞ്ഞ് നാലര കിലോമീറ്റർ മുന്നോട്ട്.
ചരിത്രനേട്ടവുമായി രതീഷ് മറുകര കയറിയത് ഒരു മണിക്കൂർ അമ്പത്തിനാല് മിനിറ്റ് സമയമെടുത്താണ്. ഒടുവിൽ നാട്ടുകാരുടെയും പ്രിയപ്പെട്ടവരുടെയും അഭിനന്ദനങ്ങൾ. 16 വർഷമായി സൗജന്യ നീന്തൽ പരിശീലനം നൽകി ആലുവയിൽ പതിനയ്യായിരത്തിലധികം പേരെ നീന്തൽ പഠിപ്പിച്ച സജി വാളശ്ശേരിയാണ് രതീഷിൻ്റെ ഈ ചരിത്ര നീന്തലിനും പരിശീലനം നൽകിയത്.