കോട്ടയം വൈക്കത്തിനടുത്ത് അക്കരപ്പാടം നിവാസികൾ തലമുറകളായി സ്വപ്നം കണ്ട ഒരു പാലം യഥാർത്ഥ്യമാവുകയാണ് . മൂവാറ്റുപുഴയാറിന് കുറുകെ കടത്തുവള്ളം കയറി തലമുറകൾ ജീവിച്ച ഒരു നാടിനാണ് യാത്രാമാർഗ്ഗം തുറക്കുന്നത്.
ഈ മാസം അവസാനം നടക്കുന്ന ഉദ്ഘാടന ചടങ്ങ് ഒരു ദിവസത്തെ ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ. കാരണം ഇത് പതിറ്റാണ്ടുകളുടെ സ്വപ്നസാക്ഷാത്കാരമാണ്. സർക്കാർ കിഫ്ബി പദ്ധതിയിൽ 16 കോടി 89 ലക്ഷം മുടക്കിയാണ് അക്കരപ്പാടം നിവാസികൾക്കായി 150 മീറ്റർ നീളവും 11 മീറ്റർ വീതിയിലുമുള്ള പാലം നിർമ്മിച്ചിരിക്കുന്നത്. സ്ഥലമെടുപ്പും സമീപന റോഡും കലുങ്ക് നിർമ്മാണവുമൊക്കെയായി 18 കോടിയാണ് ആകെ ചെലവ്. 2022 ഡിസംബറിൽ നിർമ്മാണം തുടങ്ങിയ പാലത്തിന്‍റെ സർവ്വീസ് റോഡുകൾ രണ്ട് ദിവസത്തിനകം പൂർത്തിയാകുന്നതോടെ പാലം ഉദ്ഘാടന സജ്ജമാകും.
പാലം പണി പൂർത്തിയായതോടെ തൊഴിൽ നഷ്ടമായവരും ഉണ്ട്. എങ്കിലും സ്വപ്നസാക്ഷാത്കാരത്തിന്‍റെ സന്തോഷത്തിൽ ഒട്ടും കുറവില്ല. ഉദയനാപുരം പഞ്ചായത്തിലെ ഇരുകരകളിലായുള്ള ഒന്ന്, പതിനേഴ് വാർഡുകളെയും രണ്ട്, പതിനാല് വാർഡുകളെയും ബന്ധിപ്പിച്ചുള്ള പാലം യാത്രാസൗകര്യം മാത്രമല്ല നാടിന്റെ വികസനത്തിനും വഴിതുറക്കും.