dam

TOPICS COVERED

ഇടുക്കി ഡാമിൽ വൈദ്യുതി ഉത്പാദനം കുറഞ്ഞതോടെ കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിൽ. മലങ്കര ഡാമിലേക്ക് നീരൊഴുക്ക് കുറഞ്ഞതോടെ എട്ട് പഞ്ചായത്തുകളിലാണ് ദുരിതം. മഴ പെയ്തില്ലെങ്കിൽ എറണാകുളം, ആലപ്പുഴ ജില്ലകളിലെയും ജലവിതരണം മുടങ്ങും.

സംഭരണശേഷിയുടെ 63 ശതമാനം വെള്ളം മാത്രമാണ് നിലവിൽ ഇടുക്കി ഡാമിലുള്ളത്. കഴിഞ്ഞവർഷം ഇതേസമയം 80 ശതമാനം വെള്ളമാണ് ഡാമിലുണ്ടായിരുന്നത്. വൈദ്യുതി ഉൽപാദനത്തിന് ശേഷം പുറം തള്ളുന്ന ജലം മലങ്കര ഡാമിൽ സംഭരിച്ചാണ് വിവിധ കുടിവെള്ള പദ്ധതികൾക്കായി ഉപയോഗിക്കുന്നത്. പീക്ക്സമയത്ത് മാത്രമാണ് നിലവിൽ വൈദ്യുതി ഉല്പാദിപ്പിക്കുന്നത്. ഇതോടെ മലങ്കരയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞു. ഇതാണ് പ്രതിസന്ധിക്ക് കാരണം.

ഡാമിന് സമീപത്തെ കിണറുകളിലും ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. പലയിടത്തും പമ്പിങ് നിർത്തിവച്ചിരിക്കുകയാണ്  മൂവാറ്റുപുഴ കുടിവെള്ള വിതരണ പദ്ധതി മുടങ്ങാതിരിക്കാൻ ഡാമിന്റെ ഒരുഷട്ടർ മാത്രമാണ് നിലവിൽ തുറന്നിട്ടുള്ളത്. വൈദ്യുതി ഉൽപാദനം കൂട്ടിയില്ലെങ്കിൽ പ്രതിസന്ധി വീണ്ടും കടുക്കും. മഴ ലഭിക്കാതെ ഉൽപാദനം കൂട്ടിയാൽ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് കെഎസ്ഇബി അധികൃതരുടെ വിശദീകരണം 

ENGLISH SUMMARY:

Idukki Dam water level crisis highlights the severe drinking water shortage affecting multiple panchayats due to reduced power generation. The decreasing water inflow into Malankara Dam poses a serious threat to water supply in Ernakulam and Alappuzha districts if monsoon rains fail.