• ഭൂമിയില്‍നിന്ന് ഒഴിഞ്ഞുപോയവരോട് തിരിച്ചുവരാന്‍ ഭരണകൂടം അഭ്യര്‍ഥിച്ചു

വന്യമൃഗശല്യവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മൂലം പ്രതിസന്ധിയിലായ ഇടുക്കി ചിന്നക്കനാൽ 301 കോളനിയിലെ കുടുംബങ്ങൾക്ക് ആശ്വാസ നടപടികളുമായി ജില്ലാ ഭരണകൂടം. ഭൂമിയില്‍നിന്ന് ഒഴിഞ്ഞുപോയവരോട് തിരിച്ചുവരാന്‍ ഭരണകൂടം അഭ്യര്‍ഥിച്ചു. ഭൂമി ലഭിച്ചിട്ടും കൃഷിയോ താമസമോ തുടങ്ങാത്തവർ രണ്ട് മാസത്തിനകം തിരിച്ചെത്തിയില്ലെങ്കിൽ പട്ടയം റദ്ദാക്കുന്നത് പരിഗണിക്കും. വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ സമയപരിധി നിശ്ചയിച്ചാണ് പുതിയ ഇടപെടൽ.

പട്ടയം കിട്ടിയിട്ടും സ്വന്തം മണ്ണിൽ ജീവിക്കാനാകാത്ത അവസ്ഥയാണ്. വന്യമൃഗ ശല്യവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും വർഷങ്ങളായി 301 കോളനിയെ വലയ്ക്കുകയാണ്. ഇതോടെ പലരും മറ്റിടങ്ങളിലേക്ക് താമസം മാറി. വന്യമൃഗ ശല്യം തടയാൻ കോളനിയുടെ 18 കിലോമീറ്റർ ചുറ്റളവിൽ സൗരോർജ്ജ വേലി സ്ഥാപിക്കും. ഇതിനായി ഒരുമാസത്തിനകം എസ്റ്റിമേറ്റ് തയ്യാറാക്കും. 

അനർഹരുടെ ഭൂമി തിരിച്ചെടുത്ത് അർഹതപ്പെട്ടവർക്ക് കൈമാറും. റോഡ്, വൈദ്യുതി, ശുദ്ധജലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കും. പൊതുആവശ്യത്തിനായി നീക്കിവച്ച ഭൂമിയിൽ നഴ്സറി, കമ്മ്യൂണിറ്റി ഹാൾ, പ്രൈമറി സ്കൂൾ എന്നിവ സ്ഥാപിക്കുന്നതും പരിഗണിക്കും.

ആദിവാസികളുമായി വിവിധ വകുപ്പുകൾ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിച്ചതെന്ന് ഇടുക്കി ജില്ല കലക്ടർ ദിനേശൻ ചെറുവാട്ട് പറഞ്ഞു. കോളനിയിലെ ഭൂമി കയ്യേറിയറിയവർക്കെതിരെയും നടപടിയുണ്ടാകും. ഇതോടെ കാലങ്ങളായുള്ള ദുരിത ജീവിതത്തിന് അറുതിയാകുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങളെന്ന്  ഊരുമുപ്പൻ  മനോഹരൻ പറഞ്ഞു. 

ENGLISH SUMMARY:

The Idukki district administration has announced urgent relief measures for tribal families in Chinnakanal's 301 Colony, who have long been displaced due to severe wildlife attacks and a lack of basic amenities. District Collector Dineshan Cheruvatt stated that an 18-kilometer solar fence will be installed around the settlement with estimates due within a month alongside immediate provisions for roads, electricity, drinking water, and potential community infrastructure like a school and nursery.