കുളമ്പടിയൊച്ചകളുടെ താളത്തിൽ കുതിച്ചുപായുന്ന കാളകൾ. ഒപ്പം ആവേശം വാനോളമുയർത്തി കാണികളുടെ ആർപ്പുവിളികൾ. പന്തയച്ചൂടിൽ ഇളകിമറിഞ്ഞ് ഇടുക്കി തമിഴ്നാട് അതിർത്തിയിലെ കമ്പം നഗരം. ഭഗവതി അമ്മൻ ക്ഷേത്രത്തിലെ തിരുവിഴയോടനുബന്ധിച്ച് നടന്ന കാളയോട്ട മത്സരം ഇത്തവണയും ആവേശക്കാഴ്ചയായി.

കുതിപ്പിന്‍റെ വേഗം കൂട്ടി കാളകൾ. കടിഞ്ഞാൺ മുറുക്കി സാരഥികൾ. വിജയത്തിലേക്കുള്ള പാച്ചിലിനൊപ്പം കാണികളുടെ ആരവവും. കമ്പം–കമ്പംമെട്ട് സംസ്ഥാനപാതയിലെ എട്ടു കിലോമീറ്ററോളം ദൂരമാണ് ആവേശം നിറഞ്ഞ പന്തയവേദിയായത്.

കമ്പം തേനി, മധുര, ശിവഗംഗ, ദിണ്ടുഗൽ, തുടങ്ങി തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ നിന്നായി ഇരുനൂറിലേറെ ജോഡി കാളകളാണ് പന്തയത്തിനിറങ്ങിയത്.

ചെറിയ കാളകൾ മുതൽ കരുത്തുറ്റ വലിയ കാളകൾ വരെ. തട്ടാൻചിട്ട്, തേൻചിട്ട്, പൂഞ്ചിട്ട്, നടുമാട്, പെരിയമാട് തുടങ്ങി ഏഴ് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. പന്തയവഴിയുടെ ഇരുവശങ്ങളിലും തടിച്ചുകൂടിയ കാണികൾ കൈയടിച്ചും ആർപ്പുവിളിച്ചും മത്സരത്തിന് ആവേശം പകർന്നു. ഗ്രാമീണ കായികപാരമ്പര്യത്തിന്‍റെ  വേഗക്കാഴ്ച നേരിൽ കാണാൻ ആയിരത്തിലധികം ആളുകളെത്തി. വിജയികളായവർക്ക് ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിരുന്നു.

thrilling bull race festival held at the Idukki-Tamil Nadu border in Kambam. :