ഇടുക്കിയിൽ വനാതിർത്തികളിലെ തോട്ടം മേഖലയിൽ പ്രഖ്യാപിച്ച രാത്രി യാത്ര നിരോധനത്തിൽ വ്യക്തത വരുത്തി ജില്ലാ കലക്ടർ. പുറത്തുവന്നത് ഉത്തരവല്ലെന്നും കാട്ടാന ആക്രമണം കൂടുതലായുള്ള ഹോട്ട് സ്പോട്ടുകളിൽ ജാഗ്രത പാലിക്കണമെന്ന് പ്ലാന്റേഷൻ ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകിയതാണെന്നുമാണ് വിശദീകരണം. രാത്രി യാത്ര നിരോധനത്തിൽ സിപിഎമ്മും ഇടുക്കി രൂപതയും തൊഴിലാളി സംഘടനകളും പ്രതിഷേധം കടുപ്പിക്കുകയാണ്.
ജില്ലയിലെ വനമേഖലയോട് ചേർന്ന് കിടക്കുന്ന തോട്ടങ്ങളിൽ രാത്രിയാത്ര പാടില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ജില്ലാ കലക്ടർ നിർദ്ദേശം നൽകിയത്. എന്നാൽ ഇത് ഏതൊക്കെ മേഖലകളിൽ ആണെന്ന് വ്യക്തതയില്ലാതെ വന്നതോടെ തോട്ടം തൊഴിലാളികൾ ഉൾപ്പെടെ ആശങ്കയിലായി. ഇതിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് ജില്ലാ കലക്ടറുടെ വിശദീകരണം. ശല്യം കൂടുതലുള്ള പ്രദേശങ്ങൾ ഏതൊക്കെയാണെന്ന് വനംവകുപ്പുമായി ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത നിർദേശം നൽകിയത്
കാട്ടാന ശല്യം രൂക്ഷമായ ചിന്നക്കനാൽ ഉൾപ്പെടെയുള്ള മേഖലകളിൽ സ്ഥാപിച്ച അനധികൃത വൈദ്യുത വേലികൾ പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട ഉത്തരവിലും നേരത്തെ വിവാദമുയർന്നിരുന്നു. എന്നാൽ കയ്യേറ്റ ഭൂമിയിൽ മാത്രമാണ് നടപടിയെടുത്തതെന്നും നാട്ടുകാരും ജനപ്രതിനിധികളും ആവശ്യമുന്നയിച്ചതിനെ തുടർന്നാണ് തീരുമാനമെന്നും കലക്ടർ പറഞ്ഞു. കലക്ടറുടെ നിർദേശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും നിർദ്ദേശം പരിഷ്കരിക്കണമെന്നും ചൂണ്ടിക്കാട്ടി എംപി ഡീൻ കുര്യാക്കോസ് ഉൾപ്പെടെ രംഗത്ത് വന്നിരുന്നു. കാട്ടാന ശല്യം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കലക്ടറുടെ ഉത്തരവുകൾ തെറ്റാണെന്നും ജില്ലയിൽ ആക്ഷേപമുണ്ട്.