• തൊടുപുഴ–പുളിയൻമല സംസ്ഥാനപാതയിലെ 12 ഹെയർപിൻ വളവുകളിൽ അഞ്ചാമത്തെ വളവിൽ ചരിത്രത്തിന്റെ കാവൽക്കാരനായി ഇന്നും ഈ കിണർ നിലകൊള്ളുന്നു. സംസ്ഥാനത്ത് റോഡിന് നടുവിൽ സ്ഥിതി ചെയ്യുന്ന ഏക കിണറെന്ന വിശേഷണവും ഇതിനുണ്ട്.

റോഡിലൂടെ യാത്ര ചെയ്യുമ്പോൾ നടുവിൽ ഒരു കിണർ കണ്ടാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം..? വാഹനങ്ങൾ ഇരുവശങ്ങളിലുമായി കടന്നുപോകുമ്പോൾ നടുവിൽ പതിറ്റാണ്ടുകളായി തല ഉയർത്തി നിൽക്കുന്ന ഒരു കിണർ. കേൾക്കുമ്പോൾ അതിശയോക്തിയായി തോന്നാം. പക്ഷേ ഇടുക്കിയിലെ കുരുതിക്കളത്ത് അത് യാഥാർഥ്യമാണ്.

തൊടുപുഴ–പുളിയൻമല സംസ്ഥാനപാതയിലെ 12 ഹെയർപിൻ വളവുകളിൽ അഞ്ചാമത്തെ വളവിൽ ചരിത്രത്തിന്റെ കാവൽക്കാരനായി ഇന്നും ഈ കിണർ നിലകൊള്ളുന്നു. സംസ്ഥാനത്ത് റോഡിന് നടുവിൽ സ്ഥിതി ചെയ്യുന്ന ഏക കിണറെന്ന വിശേഷണവും ഇതിനുണ്ട്. കഴിഞ്ഞ ദിവസം കിണറിന്റെ സംരക്ഷണഭിത്തിയിൽ വാഹനം ഇടിച്ച് കേടുപാടുകൾ സംഭവിച്ചതോടെ, ഈ അപൂർവ പൈതൃകത്തെ സംരക്ഷിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുകയാണ്.

ഒരു നിബന്ധന...  കിണറിന്റെ ചരിത്രം

1952-53 കാലഘട്ടത്തിൽ പുളിക്കൽ ചാക്കോയും സഹോദരൻ ഫിലിപ്പോസും ചേർന്നാണ് സ്വന്തം പുരയിടത്തിൽ ഈ കിണർ നിർമിച്ചത്. അന്ന് പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങളുടെ കുടിവെള്ളത്തിനുള്ള ഏക ആശ്രയമായിരുന്നു ഇത്. പിന്നീട് ഹൈറേഞ്ചിലേക്കുള്ള റോഡ് നിർമിക്കാൻ സർക്കാർ പഠനം തുടങ്ങി. പുളിക്കൽ സഹോദരന്മാരുടെ ഭൂമിയിലൂടെയായിരുന്നു റോഡ് കടന്നുപോകേണ്ടത്. വികസനത്തിന് തടസമാകാതെ അഞ്ചര ഏക്കറിലധികം ഭൂമി അവർ വിട്ടുനൽകി. എന്നാൽ ഒരു നിബന്ധന മാത്രം മുന്നോട്ടുവച്ചു.

"കിണർ നികത്തരുത്... കിണർ സംരക്ഷിച്ചുകൊണ്ട് റോഡ് നിർമിക്കണം." ആ വാക്ക് സർക്കാർ അംഗീകരിച്ചു. അതോടെയാണ് കേരളത്തിൽ മറ്റൊരിടത്തും കാണാനാകാത്ത അപൂർവ കാഴ്ചയ്ക്ക് വഴിയൊരുങ്ങിയത്.

വഴി മാറിയത് റോഡാണ്... കിണറല്ല

ആദ്യഘട്ടത്തിൽ കിണർ റോഡിന്റെ ഒരു വശത്തായിരുന്നു. പിന്നീട് ഭാരവാഹനങ്ങൾക്ക് കൊടുംവളവ് തിരിയാൻ ബുദ്ധിമുട്ടായതോടെ റോഡ് ഇരുവശങ്ങളിലുമായി വിഭജിച്ച് കിണർ നടുവിലാക്കി. 1960-കളിൽ നിർമിച്ച ഈ പാത ഇന്നും അതേ രൂപത്തിൽ തുടരുകയാണ്.

ഇന്ന് വാഹനങ്ങൾ അതിവേഗം കിണറിന് ഇരുവശങ്ങളിലൂടെയും കടന്നുപോകുമ്പോൾ, റോഡിന്റെ മധ്യത്തിൽ നിശബ്ദമായി നിൽക്കുന്ന ഈ കിണർ ഒരു കാലഘട്ടത്തിന്റെ കഥ പറയുന്നു.

വാഹനങ്ങളുടെയും നാട്ടുകാരുടെയും ജീവജലം

ഇന്നത്തെപ്പോലെ അത്യാധുനിക വാഹനങ്ങൾ ഇല്ലാതിരുന്ന കാലത്ത് മലകയറ്റം കയറി ചൂടാകുന്ന വാഹനങ്ങളുടെ റേഡിയേറ്ററുകൾ തണുപ്പിക്കാൻ ഈ കിണറിലെ വെള്ളമായിരുന്നു ആശ്രയം. പ്രദേശവാസികളുടെ കുടിവെള്ളവും ഇവിടെ നിന്നായിരുന്നു.

പിന്നീട് പുതിയ വാഹനസാങ്കേതികവിദ്യയും ചെറുതോണി ഡാമിന്റെ ജലനിരപ്പ് ഉയർന്നതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലും വെള്ളം ലഭിച്ചു. അങ്ങനെ ഈ കിണറിന്റെ ഉപയോഗം കുറഞ്ഞു. എന്നിട്ടും കടുത്ത വേനലിലും ജലസമൃദ്ധമായി തുടരുന്ന അപൂർവ കിണറാണിത്.

അവഗണനയുടെ നിഴൽ

ഉപയോഗം കുറഞ്ഞതോടെ ചിലർ കിണറ്റിൽ മാലിന്യം തള്ളാൻ തുടങ്ങി. തുടർന്ന് അറക്കുളം പഞ്ചായത്ത് ഇരുമ്പ് നെറ്റ് സ്ഥാപിച്ച് കിണർ സംരക്ഷിച്ചു. എന്നാൽ കഴിഞ്ഞ ദിവസം സംരക്ഷണഭിത്തിയിൽ വാഹനം ഇടിച്ച് കേടുപാടുകൾ സംഭവിച്ചത് നാട്ടുകാരുടെ ആശങ്ക വർധിപ്പിച്ചു.

 

സംരക്ഷിക്കേണ്ടത് ഒരു കിണറല്ല... ഒരു ചരിത്രം

 

ഇത് വെറുമൊരു കിണറല്ല. വികസനവും പൈതൃകവും ഒരുമിച്ച് നിലനിൽക്കാമെന്ന സന്ദേശം പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ കേരളത്തിന് കാണിച്ചുതന്ന ഒരു ചരിത്രസ്മാരകമാണ്. പുളിക്കൽ ചാക്കോയുടെയും ഫിലിപ്പോസിന്റെയും ദീർഘവീക്ഷണവും നാടിനോടുള്ള സ്നേഹവും ഇന്നും ഈ കിണറിലൂടെ ജീവിക്കുന്നു. റോഡിലൂടെ കടന്നുപോകുന്നവർക്ക് ഇത് കൗതുകക്കാഴ്ചയായിരിക്കാം. എന്നാൽ നാട്ടുകാർക്ക് ഇത് അവരുടെ ചരിത്രവും ഓർമയും അഭിമാനവുമാണ്.

ENGLISH SUMMARY:

A unique, decades-old historic well stands directly in the middle of the Thodupuzha–Puliyanmala state highway at the fifth hairpin curve in Kuruthikkalam, Idukki. Built in 1952–53 by brothers Pulikkal Chacko and Philippose, the well was preserved after they donated over 5.5 acres for road construction on the strict condition that it must never be filled.