ഒരുവർഷമായി നിർമ്മാണം മുടങ്ങിക്കിടക്കുന്ന ദേശീയപാത 85ലെ നേര്യമംഗലം മുതൽ വാളറവരെയുളള ഭാഗത്ത് റോഡ് അളന്ന് തിട്ടപ്പെടുത്താനുളള നടപടികൾ തുടങ്ങി. വനംവകുപ്പ് എതിർപ്പിനെതുടർന്നാണ് 14 കിലോമീറ്റർ പ്രദേശത്തെ നിർമ്മാണത്തിന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്.
നിർമ്മാണം മുടങ്ങിയ നേര്യമംഗലം മുതൽ വളാറ വരെയുള്ള ഭാഗത്താണ് സർവേ നടപടികൾ പുരോഗമിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ ഹർജി പരിശോധിച്ച ഹൈക്കോടതി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിർമ്മണം തടഞ്ഞത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും നടക്കാതെ വന്നതോടെ ദേശീയപാത സംരക്ഷണ സമിതിയും വിവിധ രാഷ്ട്രീയ സംഘടനകളും പലതവണ പ്രതിഷേധം നടത്തി. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതോടെ നടപടി ആവശ്യപ്പെട്ട് വിവിധ ജനപ്രതിനിധികൾ മുഖ്യമന്ത്രിയെ സമീപിച്ചതോടെ അടിയന്തര ഇടപെടൽ. വനം- പൊതുമരാമത്ത് വകുപ്പുകൾ തമ്മിലുളള തർക്കം പരിഹരിക്കുന്നതിൻ്റെ ഭാഗമായി നേരത്തെ ലാൻഡ് റവന്യൂ കമ്മീഷണർ സ്ഥലപരിശോധന നടത്തിയിരുന്നു. പാതയുടെ വികസനത്തിനായി മണ്ണെടുത്തതോടെ നിരവധി മരങ്ങൾ നിലം പതിക്കാവുന്ന അവസ്ഥയിലാണ്. കാലവർഷം കനത്താൽ മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നു. വിനോദ സഞ്ചാരമേഖലയായ മൂന്നാറിലേക്ക് എത്തുന്ന പ്രധാന പാതയെന്ന നിലയിൽ അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും ആവശ്യം