ലഹരിക്കെതിരെ നിയമങ്ങള്‍ ശക്തമാകുമ്പോഴും ലഹരിക്കടത്തിനായി ലഹരിമാഫിയയും പുതിയ വഴികള്‍ കണ്ടെത്തുന്നുണ്ട്. ചില്ലറ വില്‍പ്പനയില്‍ നിന്നും മാറി ഓണ്‍ലൈന്‍ ഡെലിവറി വരെ എത്തിനില്‍ക്കുകയാണ് ലഹരി വില്‍പ്പന. ഇത്തരത്തില്‍ ഇടുക്കി അടിമാലിയിൽ ഓൺലൈൻ ഡെലിവറി സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് മിഠായികൾ കണ്ടെത്തിയതാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ഡെലിവറിക്ക് എത്തിയ പാഴ്സലിലാണ് 60 മിഠായികൾ കണ്ടെത്തിയത്.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഡെലിവറി സ്ഥാപനങ്ങളിലും ഗോഡൗണുകളിലുമായി നർക്കോട്ടിക്സ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഓൺലൈൻ ഡെലിവറി സ്ഥാപനത്തിൽ നിന്നും കഞ്ചാവ് മിഠായികൾ കണ്ടെത്തിയത്.
ഡെലിവറി ചെയ്യാൻ കഴിയാതെ തിരികെ അയക്കാൻ വച്ചിരുന്ന പാർസലുകൾക്ക് ഒപ്പം രണ്ട് പാക്കറ്റുകളിലായി 300 ഗ്രാം തൂക്കം വരുന്ന 60 മിഠായികളാണ് കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ വിതരണം ചെയ്യുന്നതിനായി നൽകിയിരിക്കുന്ന വിലാസം വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. ഇത് ആരാണ് ഓർഡർ ചെയ്തന്നും എവിടെ നിന്നാണ് എത്തിയതെന്നും വിശദമായി പരിശോധിക്കും
ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായിത്തന്നെ രാജാക്കാട് മമ്മട്ടിക്കാനത്ത് നടത്തിയ പരിശോധനയില്‍ വില്പനയ്ക്ക് സൂക്ഷിച്ച ഉണക്ക കഞ്ചാവും കണ്ടെത്തിയിരുന്നു. പൊലീസിനെ കണ്ട് പ്രതി കടുവാപറമ്പിൽ ക്രിസ്റ്റി ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ പിന്തുടർന്ന് പിടിക്കുകയായിരുന്നു. ഇടുക്കിയുടെ വിവിധ മേഖലകളിൽ പരിശോധന കർശനമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.