ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു. സിങ്ക് കണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരിയാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ മകനെ സ്കൂളിൽ വിടാൻ പോയപ്പോൾ കാട്ടാന ആക്രമിക്കുകയയിരുന്നു. ആക്രമണത്തിൽ മാരിയുടെ മകൻ രക്ഷന് ഗുരുതരമായി പരുക്കേറ്റു. മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർക്ക് ജീവൻ നഷ്ടമായത്. കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാരിയുടെ മൃതദേഹം സൂര്യനെല്ലിയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം കാണാതെ മാരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിട്ടുനൽകില്ലെന്ന നിലപാടിൽ നാട്ടുകാർ പ്രതിഷേധം തുടങ്ങി
പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന നാൽപ്പത്തിയേഴാമത്തെ ആളാണ് ഈ യുവതിയെന്ന് നാട്ടുകാർ പറയുന്നു. വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ (ആർആർടി) പ്രവർത്തനം കാര്യക്ഷമമല്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ആർആർടിക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങളോ ഉപകരണങ്ങളോ വാഹനങ്ങൾക്ക് ഇന്ധനം അടിക്കാൻ പോലുമുള്ള പണമോ ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. പലപ്പോഴും നാട്ടുകാർ പിരിവെടുത്താണ് ആനയെ തുരത്താനുള്ള പടക്കം പോലും വാങ്ങുന്നത്. ഡിഎഫ്ഒയും വനംമന്ത്രിയും സ്ഥലത്തെത്തി കാട്ടാനകളെ തടയാൻ സജീവ സംവിധാനം ഒരുക്കണമെന്നും മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.