കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്താന്‍ ഇടുക്കിയിൽ എക്‌സൈസ് ഓപ്പറേഷന്‍ സി ഹണ്ട് തുടങ്ങി. മുന്‍കാലങ്ങളില്‍ കഞ്ചാവ് കൃഷി നടന്നിട്ടുള്ളയിടങ്ങളിലും നടക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുമാണ് പരിശോധന നടക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായണ് കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്താൻ ജില്ലയിൽ പ്രത്യേക പരിശോധന നടത്തുന്നത്.
ഇത്തരം സ്ഥലങ്ങളുടെ സാധ്യത ലിസ്റ്റ് എക്‌സൈസ് രഹസ്യ അന്വേഷണ വിഭാഗം തയ്യാറാക്കിയിട്ടുണ്ട്. പഴുതുകളടച്ച് വ്യാപകമായ പരിശോധന നടത്താനാണ് തീരുമാനം. എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ്, നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ്, എക്‌സൈസ് ഓഫീസുകള്‍, പൊലീസ്, ഫോറസ്റ്റ് മറ്റിതര വകുപ്പുകള്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്
സ്റ്റേറ്റ് എക്‌സ്സൈസ് ഇന്റലിജിന്‍സ് ജോയിന്റ് കമ്മിഷണര്‍ റോബര്‍ട്ട് വിയുടെ നിര്‍ദേശാനുസരണമാണ് പരിശോധനകള്‍ നടക്കുന്നത്. വട്ടവടയുടെ സമീപ മേഖലയായ വത്സപ്പെട്ടി, വയല്‍ത്തറകുടി, മൂലവള്ളക്കുടി, തുളമല പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ പരിശോധന. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇടങ്ങളില്‍ പരിശോധന നടക്കുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.