കേരളത്തിന്റെ ഊർജ്ജസിരാകേന്ദ്രമായ ഇടുക്കി ഡാം. കുറവൻ-കുറത്തി മലകൾക്കിടയിൽ തലയുയർത്തി നിൽക്കുന്ന കോൺക്രീറ്റ് വിസ്മയം. എന്നാൽ നിർമാണത്തിന് മുൻപ് ഇടുക്കി എങ്ങനെയായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? ആ കാലത്തെ കാടിന്റെ വന്യതയും ഡാമിന്റെ നിർമാണ ഘട്ടങ്ങളും പൂർണ്ണമായി ക്യാമറയിൽ ഒപ്പിയെടുത്ത ഒരു മനുഷ്യനുണ്ട്; കെഎസ്ഇബിയിലെ ഫോട്ടോഗ്രാഫറായിരുന്ന സി.പി. സാം. സാം പകർത്തിയ ആ അപൂർവ്വ ചിത്രങ്ങളിലൂടെയുള്ള ഒരു ചരിത്രയാത്രയാണിത്.
ഇടുക്കിയുടെ ചരിത്രത്തിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണ് മൂലമറ്റത്തെ 'ജയ സ്റ്റുഡിയോ'യ്ക്കുള്ളത്. അക്കാലത്ത് ആർക്കും വഴങ്ങാത്ത ഇടുക്കിയുടെ മലനിരകളിലേക്കും കാടിന്റെ വന്യതയിലേക്കും സാം നടത്തിയ യാത്രകളിലെല്ലാം അദ്ദേഹത്തിന്റെ ക്യാമറയും ഒപ്പമുണ്ടായിരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആർച്ച് ഡാം ഉയർന്നു വന്നതിന്റെ ഓരോ ഘട്ടവും അങ്ങനെയാണ് ചരിത്ര ഫ്രെയിമുകളായി മാറിയത്.
2003-ൽ സാം ഓർമയായെങ്കിലും, ഇടുക്കിയുടെയും ഇടുക്കി ഡാമിന്റെയും ആ പഴയകാല ചിത്രങ്ങൾ തേടി ഇന്നും നിരവധി പേരാണ് മൂലമറ്റത്തെ ജയ സ്റ്റുഡിയോയിലേക്ക് എത്തുന്നത്. ഇവിടെയെത്തുന്ന ചരിത്രവിദ്യാർഥികൾക്കും സഞ്ചാരികൾക്കുമായി അച്ഛൻ പകർത്തിയ ആ അമൂല്യ ചിത്രങ്ങൾ മക്കളായ ജോജിയും ജയനും ഇന്നും പൊന്നുപോലെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
കെഎസ്ഇബിയുടെ ചരിത്രത്തിലെ ഏക ഔദ്യോഗിക ഫോട്ടോഗ്രാഫറായിരുന്നു സാം. 1986-ൽ അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചതോടെ ആ തസ്തിക തന്നെ വകുപ്പിൽ ഇല്ലാതായി. ഇടുക്കി ഡാം നിർമ്മിതിയുടെ 50 ആണ്ട് തികഞ്ഞതിന്റെ ആഘോഷങ്ങൾ തുടരുന്ന ഈ വേളയിൽ, സാമും സാം പകർത്തിയ ആ കറുപ്പും വെളുപ്പും ചിത്രങ്ങളുമില്ലാതെ ഇടുക്കിയുടെ ചരിത്രകഥ ഒരിക്കലും പൂർണ്ണമാകില്ല.